ഷാനിമോള്‍ എ ഐ സി സിയ്ക്ക് കത്തയച്ചു

Webdunia
വെള്ളി, 20 മാര്‍ച്ച് 2009 (10:14 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്‌ മണ്‌ഡലത്തില്‍ മത്സരിക്കാനില്ലെന്ന്‌ അറിയിച്ച്‌ മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്‍റ് ഷാനിമോള്‍ ഉസ്‌മാന്‍ എ ഐ സി സിക്ക്‌ കത്തയച്ചു. സ്ഥാനാര്‍ത്ഥിത്വം സ്‌നേഹപൂര്‍വം നിരസിക്കുകയാണെന്ന് കാണിച്ചു കൊണ്ടാണ് ഷാനിമോള്‍ എ ഐ സി സിയ്ക്ക് കത്തയച്ചത്.

കുടുംബപരമായ കാരണങ്ങളാല്‍ താന്‍ കാസര്‍കോട് സ്ഥാനാര്‍ത്ഥിയാവാന്‍ താല്പര്യപ്പെടുന്നില്ലെന്നും, പാര്‍ട്ടിക്ക്‌ വിജയസാധ്യതയില്ലാത്ത മണ്‌ഡലത്തില്‍ മത്സരിക്കാനില്ലെന്നും വ്യാഴാഴ്‌ച തന്നെ ഷാനിമോള്‍ വ്യക്തമാക്കിയിരുന്നു. തന്നെ വിളിച്ച പാര്‍ട്ടി പ്രവര്‍ത്തകരോടും മത്സരിക്കാനില്ലെന്ന്‌ ഷാനിമോള്‍ പറഞ്ഞിരുന്നു.

മത്സരിക്കില്ല എന്ന് കാണിച്ചു കൊണ്ട് കെ പി സി സി നേതൃത്വത്തിന് കഴിഞ്ഞ ദിവസം തന്നെ കത്ത് നല്‍കിയിരുന്നു. വ്യാഴാഴ്ച രാത്രി രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും താന്‍ മത്സര രംഗത്ത് നിന്ന് പിന്‍‌മാറുകയാണെന്ന് ഷാനിമോള്‍ അറിയിച്ചു.

ഷാനിമോള്‍ക്ക്‌ തിരുവനന്തപുരത്തോ ആലപ്പുഴയിലോ മത്സരിക്കാനായിരുന്നു ആഗ്രഹം.