ചെങ്ങന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും കോണ്‍ഗ്രസ് നേതാവുമായ ശോഭന ജോർജ് കോൺഗ്രസ് വിട്ടു. തുടര്‍ച്ചയായി നേരിടുന്ന അവഗണനയേത്തുടര്‍ന്നാണ് രാജി. തന്റെ തീരുമാനം മുഖ്യമന്ത്രിയെയും കെ പി സി സി പ്രസിഡന്റിനെയും അറിയിച്ചെന്ന് ശോഭന പറഞ്ഞു. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചെങ്ങന്നൂരിൽ ശോഭന ജോർജ് തുടങ്ങി. അതിന് തുടക്കമിട്ട് ശോഭന മണ്ഡലത്തില്‍ വോട്ടുചോദിച്ചു തുടങ്ങി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പും ചെങ്ങന്നൂരിൽ നിന്ന് സ്വതന്ത്രയായി മൽസരിക്കാൻ ശോഭന ജോർജ് നാമനിർദേശപ്പത്രിക സമർപ്പിച്ചിരുന്നു. നീക്കം പാര്‍ട്ടി ഇടപെട്ട് തടയുകയായിരുന്നു. എന്നാല്‍ ഇത്തവണ പാർട്ടി ചെങ്ങന്നൂരിൽ മത്സരിപ്പിക്കുമെന്നായിരുന്നു ശോഭനയുടെ പ്രതീക്ഷ. വീണ്ടും അവഗണന നേരിട്ടതോടെയാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ശോഭന പറഞ്ഞു.
ചെങ്ങന്നൂർ വികസന മുന്നണിയെന്ന നിലയിലാണ് ജനങ്ങളോട് വോട്ട് ചോദിക്കുന്നത്. കെട്ടിവയ്ക്കാനുള്ള പണം ഒരു രൂപ വീതം നാട്ടുകാരായ സ്ത്രീകളിൽനിന്ന് വാങ്ങിത്തുടങ്ങി. പതിനായിരം പേരിൽനിന്ന് ഒരു രൂപ വീതം വാങ്ങും. തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ജനങ്ങള്‍ക്കും ഉത്തരവാദിത്ത്വം ഉണ്ടാകട്ടെ എന്നാണ് ശോഭനയുടെ നിലപാട്.