ശാലുമേനോന് ജാമ്യമില്ല; റിമാന്റ് കാലാവധി അടുത്ത മാസം മൂന്നുവരെ നീട്ടി

Webdunia
ശനി, 20 ജൂലൈ 2013 (12:36 IST)
PRO
സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലുമേനോന്റെ ജാമ്യാപേക്ഷ തള്ളി. ശാലുവിന്റെ റിമാന്റ് കാലാവധിയും അടുത്ത മാസം മൂന്നുവരെ നീട്ടി. തിരുവനന്തപുരത്തെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

സോളാര്‍ പാനല്‍ സ്ഥാപിച്ച് തരാമെന്ന് പറഞ്ഞ 40 ലക്ഷം രൂപ തട്ടിയെന്ന മണക്കാട് സ്വദേശി റാഫിക്കിനിയുടെ പരാതിയിലാണ് ശാലുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തട്ടിപ്പ് കേസിലെ മറ്റു പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത നായരെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചി രവിപുരത്തെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം ഇവരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതിയില്‍ എത്തിച്ചത്.

എഡിബി വായ്പ തട്ടിപ്പില്‍ റിമാന്‍ഡില്‍ കഴിയുന്ന പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.