ലോക്സഭ തെരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിനെ പാലക്കാട് തോല്പിച്ചത് കോണ്‍ഗ്രസെന്ന് യു ഡി എഫ് റിപ്പോര്‍ട്ട്. യു ഡി എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ഒരു വാര്‍ത്താചാനലാണ് പുറത്തുവിട്ടത്. പരാജയത്തിനുള്ള കാരണങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പു കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തില്ലെന്നും യു ഡി എഫിലെ ഘടകകക്ഷികള്‍ക്ക് മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡി സി സി പ്രസിഡന്റും ജില്ലയിലെ എം എല്‍ എമാരും തെരഞ്ഞെടുപ്പ് പ്രചരണവുമായി പൂര്‍ണമായി സഹകരിച്ചില്ലെന്നും യു ഡി എഫ് ഉപസമിതിയില്‍ വ്യക്തമാക്കുന്നു.
വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക പ്രവര്‍ത്തകര്‍ക്ക് ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ചതിച്ചെന്ന് ജനതാദള്‍ നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഒറ്റുകാര്‍ക്കെതിരെ നടപടി വേണമെന്നും വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു.
വയനാട് ലോക്സഭ മണ്ഡലം ചോദിച്ച വീരേന്ദ്രകുമാറിന് കോണ്‍ഗ്രസ് ആണ് പാലക്കാട് തെരഞ്ഞെടുത്തു നല്കിയത്.