വി എസ് തുറന്ന യുദ്ധത്തിന്

Webdunia
ശനി, 30 ജൂലൈ 2011 (20:57 IST)
ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഇളനീര്‍ കുടിച്ച് പാര്‍ട്ടിക്കെതിരെ ഉയര്‍ത്തിയ വിപ്ലവം വി എസ് അച്യുതാനന്ദന്‍ തുടരുകയാണ്. സംഘടനാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും തുറന്ന യുദ്ധത്തിനാണ് വി എസ് തയ്യാറെടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് അനുകൂലമായി പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി നടപ്പാകില്ലെന്ന് വി എസ് തുറന്നടിച്ചു.

തനിക്കനുകൂലമായി പ്രകടനം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി എടുത്ത നടപടി പിന്‍‌വലിക്കേണ്ടി വരുമെന്ന് പറഞ്ഞ വി എസ്, പ്രകടനം നടത്തിയത് പാര്‍ട്ടിക്ക് ഗുണം ചെയ്തു എന്ന് കേന്ദ്ര കമ്മിറ്റി പോലും വിലയിരുത്തിയിട്ടുണ്ട് എന്നും പറഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നത്‌ പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്‌. അതിനാല്‍ നടപടികള്‍ നടപ്പാകില്ലെന്നും വി എസ് പറയുന്നു.

കാഞ്ഞങ്ങാട്‌ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി വി എസ് രംഗത്തെത്തിയത്. കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ വി എസ് അനുകൂല പ്രകടനത്തിന് നേതൃത്വം നല്‍കിയ ഒമ്പത് പേര്‍ക്കെതിരെയാണ് സി പി എം നടപടിയെടുത്തത്. ഉദുമയിലെ സി പി എം എംഎല്‍എ കെ വി കുഞ്ഞമ്പുവിന്റെ മകന്‍ പത്മരാജനും മറ്റ് എട്ടുപേരുമാണ് നടപടിക്ക് വിധേയരായത്.

ഇവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിലൂടെ വി എസ് വീണ്ടും അച്ചടക്കത്തിന്‍റെ സീമ ലംഘിക്കുകയാണെന്ന് പര്‍ട്ടി ഔദ്യോഗിക പക്ഷം വിലയിരുത്തുന്നു. വിലക്കേര്‍പ്പെടുത്തിയെങ്കിലും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയത് പാര്‍ട്ടിക്കെതിരെയുള്ള വെല്ലുവിളിയാണെന്നും ഇവര്‍ കരുതുന്നു.

എന്തായാലും സമീപകാലത്തെങ്ങും ഇല്ലാത്ത രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ പുതിയ സമരത്തിന് വഴി തുറക്കുകയാണ് വി എസ്.