പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന പ്രായമായതുകൊണ്ടാണെന്ന് സി പി എം നേതാവ് എം എം മണി. പ്രസ്താവന ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും മണി വ്യക്തമാക്കി.
പാര്‍ട്ടി നേതൃത്വത്തിന്‍റെ തീരുമാനങ്ങള്‍ക്കൊപ്പം താനും ഉണ്ടാകുമെന്നും എം എം മണി വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വത്തിനെതിരെ തുടര്‍ച്ചയായി വി എസ് നടത്തുന്ന പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു മണിയാശാന്‍.
"ഈ പ്രസ്താവനയൊക്കെ അദ്ദേഹത്തിന് പ്രായമൊക്കെ ആയതുകൊണ്ടായിരിക്കും. നമുക്ക് പൊറുക്കാമെന്നേ. അതൊക്കെ നോക്കാനുള്ള കെല്‍പ്പ് പാര്‍ട്ടി നേതൃത്വത്തിനുണ്ട്. വി എസിന്‍റെ പ്രസ്താവനയില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന കമ്മിറ്റിയുണ്ട്, കേന്ദ്ര കമ്മിറ്റിയുണ്ട്, പി ബിയുണ്ട്. അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാവും" - എം എം മണി തൊടുപുഴയില്‍ പറഞ്ഞു.
താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ടില്ലെന്നും താഴെ വീഴുന്നതു വരെ പാര്‍ട്ടിയെ സഹായിക്കുമെന്നും വി എസ് തുറന്നടിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസ് തന്റെ നിലപട് പ്രഖ്യാപിച്ചത്.
പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായി വിജയന്‍റെ കുറവുകള്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു എന്നും ഇനി അത് പുതിയ സംസ്ഥാന സമിതിയാണ് പരിശോധിക്കേണ്ടതെന്നും വി എസ് പറഞ്ഞിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയേക്കുറിച്ചുള്ള ചോദ്യത്തിന് പാര്‍ട്ടിയില്‍ എതിര്‍ശബ്ദങ്ങള്‍ ഉയരുമ്പോള്‍ അതിനേ വിഭാഗീയതായി ചിത്രീകരിക്കുന്നു എന്നാണ് വിഎസ് പറയുന്നത്.
ഒരുവിഭാഗം അളുകള്‍ പാര്‍ട്ടിയില്‍ ലീഡര്‍ ഷിപ് നേടാന്‍ ശ്രമിക്കുന്നതായി വിമര്‍ശനങ്ങളുണ്ട്. അത്തരം ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കെതിരേയാണ് ആരോപണങ്ങളുയരുന്നത് അയാള്‍ക്ക് പറയാനുള്ളതും കേള്‍ക്കേണ്ടതായുണ്ടെന്നും വി എസ് പറയുന്നു. പാര്‍ട്ടിക്കും തനിക്കും സംഭവിച്ച പോരായ്മകളെക്കുറിച്ച് കാരാട്ട് വിശദമായി പരിശോധിക്കണമെന്നും വി എസ് പറഞ്ഞിരുന്നു.