വി എസിനെ പിടിക്കുന്നത് ഐസ്ക്രീം വഴിതിരിക്കാന്‍: പിണറായി

ശനി, 5 ഫെബ്രുവരി 2011 (19:45 IST)
PRO
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്ന മുസ്ലിം ലീഗിന്‍റെ ആരോപണം ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍‍. ഗൂഢാലോചന നടത്തിയതിന്‍റെ എന്തെങ്കിലും തെളിവ് ലീഗിന്‍റെ പക്കലുണ്ടെങ്കില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ സമര്‍പ്പിക്കട്ടെയെന്നും പിണറായി പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് പിണറായി വിജയന്‍ ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. യു ഡി എഫിന്‍റെ ജീര്‍ണത ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. യു ഡി എഫ് അധികാരത്തിലിരിക്കുമ്പോള്‍ എന്തൊക്കെയാണ് നടക്കുന്നത് എന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. സര്‍ക്കാരിന്‍റെ ജനോപകാരപ്രദമായ നടപടികളില്‍ തൃപ്തരായ ജനങ്ങള്‍ എല്‍ ഡി എഫിന് അനുകൂലമായി പ്രതികരിക്കും - പിണറായി പറഞ്ഞു.

ഐസ്ക്രീം കേസ് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി ചില ഗൂഢാലോചനകള്‍ നടന്നു എന്നും അതിന്‍റെ തെളിവുകള്‍ തന്‍റെ കൈയിലുണ്ട് എന്നുമാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അദ്ദേഹം ആ തെളിവുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കൈമാറട്ടെ. മുനീറിനെതിരായ തെളിവുകളും നല്‍കട്ടെ. എന്തൊക്കെയായാലും ലീഗ് രാഷ്ട്രീയത്തില്‍ മുമ്പ് ഒരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തില്‍ പ്രശ്നങ്ങള്‍ തലപൊക്കിയിരിക്കുകയാണ് - പിണറായി ചൂണ്ടിക്കാട്ടി.

ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ ചില ജഡ്ജിമാരും കൂട്ടുനിന്നു എന്ന ആരോപണത്തെക്കുറിച്ച് ജുഡീഷ്യറി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അവധിയില്‍ കഴിയുന്ന പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി സംസ്ഥാന കമ്മിറ്റിക്കെഴുതിയ കത്തിനെക്കുറിച്ചോ ശശിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളെക്കുറിച്ചോ വ്യക്തമായി പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ല.

വെബ്ദുനിയ വായിക്കുക