വിവാഹനിശ്ചയ സമയത്തെ ഒളിച്ചോട്ടം പാളിയ യുവതി വിവാഹപിറ്റേന്ന് ആഭരണങ്ങളുമായി കാമുകനൊപ്പം മുങ്ങി. വിവരമറിഞ്ഞെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ നടന്ന വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റു. കൊല്ലം സ്വദേശിയായ യുവാവും ചിറക്കടവം സ്വദേശിനിയായ യുവതിയും തമ്മില്‍ കഴിഞ്ഞ 17നാണ് കായംകുളത്ത് വിവാഹിതരായത്.
കൊല്ലത്തായിരുന്ന വരനും വധുവും 18ന് കായംകുളത്തുള്ള വധുവിന്റെ വീട്ടിലെത്തിയിരുന്നു. വൈകിട്ട് വരന്‍ ടൗണില്‍പോയ സമയത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമായി വധു കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. മുപ്പതോളം പവന്‍ സ്വര്‍ണവുമായാണ് യുവതി വിവാഹ പിറ്റേന്ന് കാമുകനൊപ്പം ഒളിച്ചോടിയത്. വൈദ്യുതി മുടങ്ങിയ സമയത്താണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്.
വരന്റെ കൂടെ വധുവും ടൗണില്‍ പോയിരിക്കുകയാണെന്ന ധാരണയിലായിരുന്നു വീട്ടുകാര്‍. ടൗണില്‍ നിന്ന് തിരിച്ചെത്തിയ വരന്‍ ഭാര്യയെ അന്വേഷിച്ചപ്പോഴാണ് കാമുകനോടൊപ്പം ഒളിച്ചോടിയ വിവരം അറിഞ്ഞത്. ഫെബ്രുവരിയില്‍ വിവാഹ നിശ്ചയം കഴിഞ്ഞ സമയത്തും യുവതി കാമുകനോടൊപ്പം ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷത്തില്‍ കണ്ടല്ലൂര്‍ സ്വദേശിയായ കാമുകനോടൊപ്പം ചേര്‍ത്തലയിലെ യുവാവിന്റെ ബന്ധുവീട്ടില്‍നിന്ന് പിടികൂടിയിരുന്നു.
വിവാഹ നിശ്ചയം കഴിഞ്ഞ് കാമുകനോടൊപ്പം യുവതി ഒളിച്ചോടിയ സംഭവം വരന്റെ വീട്ടുകാര്‍ അറിഞ്ഞെങ്കിലും യുവതിക്ക് പറ്റിയ അബദ്ധമാണെന്ന് കരുതി വിവാഹം നടത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ വരന്റെ ബന്ധുക്കള്‍ വധുവിന്റെ വീട്ടുകാരുമായി വാക്കേറ്റം ഉണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇരുകൂട്ടരും ചികിത്സ തേടി ആശുപത്രിയില്‍ എത്തിയെങ്കിലും ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് എല്ലാവരും ആശുപത്രിയില്‍നിന്ന് മുങ്ങി.