വിഴിഞ്ഞത്തു നിന്ന് പുറപ്പെട്ട കപ്പല്‍ അപകടത്തില്‍പ്പെട്ടു

വ്യാഴം, 5 ഫെബ്രുവരി 2015 (10:10 IST)
വിഴിഞ്ഞത്തു നിന്ന് പുറപ്പെട്ട ചരക്കു കപ്പല്‍ അപകടത്തില്‍പ്പെട്ടു. മാലിയിലേക്ക് ഭക്‌ഷ്യധാന്യങ്ങളുമായി പോയ ചരക്കു കപ്പല്‍ ആണ് അപകടത്തില്‍പ്പെട്ടത്. കോസ്റ്റ് ഗാര്‍ഡും മറൈന്‍ പൊലീസും രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
 
തിരുവനന്തപുരത്തു നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 02.45ഓടെ കപ്പലില്‍ വെള്ളം കയറിത്തുടങ്ങി. കോസ്റ്റ് ഗാര്‍ഡും മറൈന്‍ പൊലീസും രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. 
 
കപ്പലിലെ 11 ജീവനക്കാരില്‍ മിക്കവരും മലയാളികള്‍ ആണെന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് മറൈന്‍ പൊലീസ് അറിയിച്ചു. എന്നാല്‍ ‍, കപ്പല്‍ ഉപേക്ഷിച്ച് മറ്റ് ബോട്ടുകളില്‍ കയറാന്‍ ജീവനക്കാര്‍ തയ്യാറായിട്ടില്ല.
 
കപ്പല്‍ കരയില്‍ അടുപ്പിക്കാനാണ് ജീവനക്കാരുടെ ശ്രമം. കപ്പലിലെ ചോര്‍ച്ച അടച്ചുവെന്നും വെള്ളം പമ്പു ചെയ്ത് നീക്കിയ ശേഷം കപ്പല്‍ കരയ്ക്കടുപ്പിക്കുമെന്നും മറൈന്‍ പൊലീസ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക