വിഴിഞ്ഞം കരാറില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ വിശദീകരണം പരിഗണിച്ചില്ല; സിഎജി റിപ്പോര്‍ട്ടിനെതിരെ അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും: ഉമ്മന്‍ചാണ്ടി

വ്യാഴം, 1 ജൂണ്‍ 2017 (12:04 IST)
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സിഎജി നല്‍കിയ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. സിഎജി നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരിക്കും പരാതി നല്‍കുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. റിപ്പോര്‍ട്ടില്‍ ബാഹ്യസ്വാധീനം നടന്നിട്ടുണ്ടോയെന്ന സംശയവും ഉമ്മന്‍ചാണ്ടി പരാതിയില്‍ അറിയിക്കും. 
 
ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സിഎജി റിപ്പോര്‍ട്ടിനെതിരെ ഉന്നയിച്ചിരിക്കുന്നത്. തുറമുഖ സെക്രട്ടറി ആവശ്യപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ എജി ചര്‍ച്ചയ്ക്ക് അവസരം നല്‍കിയില്ലെന്നും കൂടാതെ സര്‍ക്കാരിന്റെ വിശദീകരണം എജി പരിഗണിച്ചില്ലെന്നും ഉമ്മന്‍‌ചാണ്ടി ആരോപിച്ചു. അതോടൊപ്പം ഓഡിറ്റ് വിഭാഗത്തിലെ കണ്‍സല്‍ട്ടന്റിനെതിരെയും അദ്ദേഹം പരാതി ഉന്നയിച്ചിട്ടുണ്ട്.
 
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച ഈ കരാറിനെതിരെ സിഎജി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ഈ കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം നേടിക്കൊടുക്കുന്നതാണെന്നും നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക