വിമാനത്താവളത്തില്‍ വ്യാജ ബോംബ് സന്ദേശം; രണ്ടു പേര്‍ അറസ്റ്റില്‍
ചൊവ്വ, 30 ജൂലൈ 2013 (19:14 IST)
PRO
PRO
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബോംബ് വച്ചതായി വ്യാജ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജെറ്റ് എയര്‍വേസ് ജീവനക്കാരനും സുഹൃത്തുമാണു കസ്റ്റഡിയിലായത്.
ഇത്തരമൊരു വ്യാജ സന്ദേശം നല്‍കിയ ജെറ്റ് എയര്‍വേസ് ജീവനക്കാരനായ ശ്യാം, സുഹൃത്ത് സജിത്ത് എന്നിവരെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്യാം ജെറ്റ് എയര്‍വേസ് കൌണ്ടറിലുണ്ടായിരുന്ന സുഹൃത്ത് സജിത്തിനെ വിളിച്ച് വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കുകയാണുണ്ടായത്. സജിത്ത് ഉടന്‍ തന്നെ ഇത് വിമാനത്താവള മാനേജരെ അറിയിക്കുകയും അവര്‍ വലിയതുറ പൊലീസിനു റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ തകൃതിയായ അന്വേഷണം ആരംഭിച്ചു.
എന്നാല്‍ കുറെ കഴിഞ്ഞ് ശ്യാം സജിത്തിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് താനാണു വ്യാജ സന്ദേശം നല്‍കിയതെന്നും പറ്റിക്കാനാണിത് ചെയ്തതെന്നും പറഞ്ഞു. പൊലീസ് എത്തി ഓരോരുത്തരെയും ചോദ്യം ചെയ്തപ്പോഴാണ് കബളിപ്പിക്കാനുള്ള കഥയായിരുന്നു ഇതെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇവരെ രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.