വിനോദ് കുമാര്‍ വധം: ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് അറസ്റ്റില്‍

Webdunia
ചൊവ്വ, 10 ഡിസം‌ബര്‍ 2013 (11:00 IST)
PRO
PRO
പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അറസ്റ്റില്‍. പി സന്തോഷ് കുമാറിനെയാണ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് കുമാര്‍.

ആര്‍എസ്എസ് പയ്യന്നൂര്‍ ടൌണ്‍ ശാഖ കാര്യവാഹകും ഫോട്ടോഗ്രാഫറുമായ വിനോദ് കുമാറി (28) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് സന്തോഷ് കുമാറിനെ പയ്യന്നൂര്‍ സിഐ അബ്ദുള്‍ റഹീമും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി ആയിരുന്നു അറസ്റ്റ്.

സന്തോഷ് കുമാറിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

ഡിസംബര്‍ ഒന്നിന് കണ്ണൂരില്‍ നടന്ന കെ ടി ജയകൃഷ്ണന്‍മാസ്റ്റര്‍ ബലിദാനദിനാചരണത്തിന് വാഹനങ്ങളില്‍ കണ്ണൂരിലേക്ക് പോകുകയായിരുന്ന ബിജെപി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും പെരുമ്പ ദേശീയപാതയില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തേത്തുടര്‍ന്നാണു വിനോദ് കുമാര്‍ കൊല്ലപ്പെട്ടത്.