വിഎസിനു മറുപടി യുഡിഎഫ് യോഗത്തിനു ശേഷമെന്ന് പിള്ളയും ജോര്‍ജും

Webdunia
ചൊവ്വ, 27 ജനുവരി 2015 (12:08 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് മറുപടി നാളത്തെ യു ഡി എഫ് യോഗം കഴിഞ്ഞ് നല്കാമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ള. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ആരൊക്കെയാണോ ഉള്ളത്, അവരുടെ നിലപാട് ശരിയാണെന്നു തെളിഞ്ഞു കണ്ടാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ നടപടിയെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഇന്ന് കൊല്ലത്ത് പറഞ്ഞിരുന്നു.
 
എന്നാല്‍ വി എസിന്റെ ഈ പ്രസ്താവനയ്ക്കുള്ള മറുപടി ബുധനാഴ്ച ചേരുന്ന യു ഡി എഫ് യോഗത്തിനു ശേഷം നല്കാമെന്ന നിലപാടിലാണ് പിള്ളയും പി സി ജോര്‍ജും.
 
അഴിമതിക്കെതിരെ ആരു സംസാരിച്ചാലും എല്‍ ഡി എഫ് പിന്തുണയ്ക്കുമെന്ന് വി എസ് വ്യക്തമാക്കിയിരുന്നു. ആര്‍ ബാലകൃഷ്‌ണ പിള്ളയും പി സി ജോര്‍ജും ഇപ്പോള്‍ എന്തു പറയുന്നുവെന്നാണ് നോക്കേണ്ടത്. അഴിമതിക്കെതിരായ ഇവരുടെ നിലപാടുകള്‍ പരിശോധിച്ച ശേഷം എല്‍ ഡി എഫ് തീരുമാനം കൈക്കൊള്ളുമെന്നും വി എസ് പറഞ്ഞു.
 
കഴിഞ്ഞദിവസം ഇടതുപക്ഷ നേതാവ് തോമസ് ഐസക്കും പിള്ളയ്ക്ക് അനുകൂല നിലപാടുമായി രംഗത്ത് എത്തിയിരുന്നു. പിള്ളയുടെ ഭൂതകാലം നോക്കേണ്ടതില്ലെന്നും ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാടുകള്‍ പരിഗണിച്ചാല്‍ മതിയെന്നും ആയിരുന്നു തോമസ് ഐസക്കിന്റെ നിലപാട്.