നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതി പെണ്ണുക്കര പണിപ്പുരപ്പടി മേലേപാണ്ടിയില്‍ രാഹുല്‍(23) ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവല്ലയില്‍ വര്‍ഷ എന്ന യുവതിയെ കുത്തി മുറിവേല്‍പ്പിക്കുകയും വര്‍ഷയുടെ പിതാവ് അശോകനെ കൊലപ്പെടുത്തുകയും ചെയ്ത രാഹുല്‍ കഴിഞ്ഞ ഒരു വര്‍ഷമായി വര്‍ഷയെ പിന്തുടരുകയായിരുന്നു. വര്‍ഷയെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശ്യമെന്ന് രാഹുല്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ കുറേ ദിവസങ്ങളായി രാഹുല്‍ ആകെ തകര്‍ന്ന നിലയിലായിരുന്നു. എന്നാല്‍ എന്താണ് കാരണമെന്ന് ആരോടും ഇയാള്‍ പറഞ്ഞില്ല. വര്‍ഷയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു രാഹുലിനെ മാനസികമായി തകര്‍ത്തത്. ശാന്തസ്വഭാവിയായ ഇയാളുടെ മനസില്‍ ഇത്രയും വലിയ കുറ്റകൃത്യം രൂപം കൊള്ളുകയായിരുന്നു എന്ന് ആരും അറിഞ്ഞില്ല.
സുഹൃത്തുക്കളെ കാണാന്‍ പോകുന്നു എന്നുപറഞ്ഞാണ് സംഭവദിവസം രാഹുല്‍ വീട്ടില്‍ നിന്നിറങ്ങിയത്. കോളജില്‍ പോകുംവഴി വര്‍ഷയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ വര്‍ഷയ്ക്കൊപ്പം പിതാവ് അശോകനുമുള്ളത് കണക്കുകൂട്ടല്‍ തെറ്റിച്ചു. എന്നാല്‍ ഇനി മറ്റൊരവസരത്തിനായി കാത്തിരിക്കാന്‍ രാഹുല്‍ ഒരുക്കമായിരുന്നില്ല. അശോകനും വര്‍ഷയും സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തിയ ശേഷം വര്‍ഷയെ കുത്തി.
തടയാന്‍ ശ്രമിച്ച അശോകനെയും കുത്തി. മൂന്നുതവണയാണ് വര്‍ഷയുടെ പുറത്ത് രാഹുല്‍ കത്തി കുത്തിയിറക്കിയത്. കുത്തേറ്റ വര്‍ഷ അയല്‍വീട്ടിലേക്ക് ഓടിക്കയറി. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അശോകനെയും സമീപം ബബിള്‍ ഗം ചവച്ച് കൂസലില്ലാതെ നില്‍ക്കുന്ന രാഹുലിനെയുമാണ്. രക്ഷപ്പെടാന്‍ ശ്രമിച്ച രാഹുലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അശോകന്‍ മരിച്ചു. പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ഷ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഈ ക്രൂരത കാട്ടിയ രാഹുലിനെ ഇനി തങ്ങള്‍ക്കു വേണ്ടെന്നാണ് രാഹുലിന്‍റെ വീട്ടുകാര്‍ പറയുന്നത്. ശാന്തപ്രകൃതിയായ രാഹുല്‍ എങ്ങനെ ഇത്തരം ഒരു കൃത്യം ചെയ്തു എന്ന അമ്പരപ്പിലും നടുക്കത്തിലുമാണ് നാട്ടുകാരും സുഹൃത്തുക്കളും.