വടക്കാഞ്ചേരിയില്‍ 43 വോട്ടിന് അനില്‍ അക്കര വിജയിച്ചു; തൃശൂരില്‍ യുഡി‌എഫിന് ആശ്വാസം

വ്യാഴം, 19 മെയ് 2016 (19:55 IST)
വടക്കാഞ്ചേരി നിയമസഭ മണ്ഡലത്തില്‍ ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍ അക്കര വിജയിച്ചു. 43 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അനില്‍ അക്കര വിജയിച്ചത്. ഒരു വോട്ടിംഗ് മെഷീനിലെ തകരാറ്‌ കാരണമാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്. ഈ മെഷീനിലെ വോട്ട് എണ്ണുന്നതിന് മുമ്പുള്ള കണക്കനുസരിച്ച് അനില്‍ അക്കര മൂന്ന് വോട്ടുകള്‍ക്ക് മുന്നിലായിരുന്നു.
 
തകരാറിലായ മെഷീനില്‍ 960 വോട്ടുകളാണ് എണ്ണാനുണ്ടായിരുന്നത്. തകരാറ്‌ പരിഹരിച്ച് അത് എണ്ണിയപ്പോള്‍ അനില്‍ അക്കര 43 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്.
 
വടക്കാഞ്ചേരി വിജയിക്കാനായതോടെ തൃശൂരില്‍ സമ്പൂര്‍ണ തോല്‍‌വി എന്ന നാണക്കേടാണ് കോണ്‍ഗ്രസിന് മാറിക്കിട്ടിയത്. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍റെ സിറ്റിംഗ് മണ്ഡലമായിരുന്നു വടക്കാഞ്ചേരി. ബാലകൃഷ്ണന് പകരമാണ് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ യുവ സ്ഥാനാര്‍ത്ഥി അനില്‍ അക്കര മത്സരിക്കാനെത്തിയത്.
 
വടക്കാഞ്ചേരിയില്‍ ആദ്യം കെ പി എ സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സി പി എം തീരുമാനം. എന്നാല്‍ പ്രാദേശിക തലത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ലളിത പിന്‍‌മാറുകയും മേരി തോമസ് സ്ഥാനാര്‍ത്ഥിയാവുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക