ലോട്ടറി മാഫിയയ്ക്ക് കേന്ദ്രം ഒത്താശ ചെയ്യുന്നു: ഐസക്

Webdunia
ബുധന്‍, 28 ജൂലൈ 2010 (12:00 IST)
PRO
സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന ലോട്ടറി മാഫിയയ്ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ഒത്താശ നല്‍കുകയാണെന്ന് ധനമന്ത്രി തോമസ്‌ ഐസക്ക്‌. ഇതിനായി ലോട്ടറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ അധികാരങ്ങളും കേന്ദ്രം ഇല്ലാതാക്കിയിരിക്കുകയാണ്‌.

സംസ്ഥാനത്തിന്‌ അധികാരം നല്‍കിയാല്‍ ലോട്ടറി മാഫിയയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ കാണിച്ചുകൊടുക്കാമെന്നും ഐസക്‌ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആരോപണവിധേയനായ സിക്കിം ലോട്ടറി പ്രൊമോട്ടര്‍ ജോണ്‍ കെന്നഡിക്ക്‌ കൂട്ടുനിന്നത്‌ യുഡിഎഫ്‌ സര്‍ക്കാരാണെന്ന്‌ തോമസ്‌ ഐസക്ക്‌ കുറ്റപ്പെടുത്തി.

ലോട്ടറി ചട്ടങ്ങള്‍ ജനവിരുദ്ധമാണെന്ന്‌ പ്രതിപക്ഷനേതാവ്‌ കേന്ദ്രത്തെ പോയി അറിയിക്കുകയാണ് വേണ്ടത്. സമാന നിയമങ്ങളില്‍ നിന്ന്‌ വ്യത്യസ്ഥമായി ലോട്ടിയുടെ കാര്യത്തില്‍ സംസ്ഥാനത്തിന്‌ അധികാരം നല്‍കാതിരിയ്ക്കുന്നത്‌ എന്തുകൊണ്‌ടാണെന്ന്‌ വ്യക്തമാക്കണം.

കുറ്റക്കാര്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്തി രജിസ്ട്രേഷന്‍ റദ്ദുചെയ്യുകയാണ്‌ ഈ സര്‍ക്കാര്‍ ചെയ്തതെന്നും ഐസക്‌ പറഞ്ഞു.