സി ബി ഐക്ക് വിട്ട ഭൂരിഭാഗം ലോട്ടറി കേസുകളിലും മുഖ്യപ്രതി ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിന്‍ ആണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണപ്രകാരം മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമ ജോണ്‍ കെന്നഡിയും പല കേസുകളിലെയും പ്രധാന പ്രതിയാകുന്നു. 32 ലോട്ടറിക്കേസുകളുടെ അന്വേഷണമാണ് ഇപ്പോള്‍ സി ബി ഐക്ക് വിട്ടത്.
മാര്‍ട്ടിനും കെന്നഡിയും സമര്‍പ്പിച്ച പല രേഖകളും വ്യാജമാണെന്നും ഇവ നിലനില്‍ക്കുന്നതല്ലെന്നും സൂചനയുണ്ട്. സിക്കിം, ഭൂട്ടാന്‍- മൊത്തക്കച്ചവടക്കാരനായതിനാലാണ് മാര്‍ട്ടില്‍ പല കേസുകളില്‍ മുഖ്യപ്രതിയായി മാറുന്നത്. കേസ് സി ബി ഐക്ക് വിട്ടതോടെ അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുടെ സഹായം തേടാന്‍ സാധിക്കും. സി ബി ഐ കൊച്ചി യൂണിറ്റിനാണ് അന്വേഷണത്തിന്റെ ചുമതല. എന്നാല്‍ അന്യസംസ്ഥാനത്തെ ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോവുക.
കേരള-തമിഴ്നാട് രാഷ്ട്രീയബന്ധത്തില്‍ കോളിളക്കം സൃഷ്ടിക്കാവുന്ന പല വിവരങ്ങളും അന്വേഷണത്തിലൂടെ പുറത്തുവരും എന്നാണ് റിപ്പോര്‍ട്ട്.
ലോട്ടറിക്കേസുകള്‍ സി ബി ഐ അന്വേഷണത്തിന് വിട്ട് സംസ്‌ഥാനസര്‍ക്കാര്‍ ശനിയാഴ്ചയാണ് വിജ്‌ഞാപനം പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, ഡല്‍ഹി പോലീസ് എസ്‌റ്റാബ്ലിഷ്‌മെന്റ് ആക്‌ട് അനുസരിച്ചാണ് ഈ നടപടി.
ഇതോടെ സി ബി ഐ അന്വേഷണം സംബന്ധിച്ചു സംസ്‌ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടിയും പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്വേഷണം കേന്ദ്രം ഏറ്റെടുക്കണമെങ്കില്‍ വിജ്‌ഞാപനം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടു സി ബി ഐയുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി വി നാരായണസ്വാമിയുടെ കത്ത് വെള്ളിയാഴ്‌ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു ലഭിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തരയോഗമാണ് വിജ്‌ഞാപനമിറക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തര-നികുതി-നിയമവകുപ്പുകളിലെ ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുത്തു.