മുഖ്യമന്ത്രിയുടെ ഓഫീസിലെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ പേര് വെച്ച് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയതായി ആരോപണം. യുവതിയോട് അപമര്യാദയായി പെരുമാറിയ കോള്‍സെന്റര്‍ ജീവനക്കാരന്‍ ഗിരീഷിനെ പുറത്താക്കി കൊണ്ടുള്ള പത്ര കുറിപ്പിലാണ് യുവതിയുടെ പേര് വെളിപ്പെടുത്തിയത്.
ഇരയാക്കപ്പെടുന്ന സ്ത്രീയുടെ പേര് പുറത്ത് പറയരുതെന്ന നിബന്ധന നിലവിവുള്ളപ്പോളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പേര് വെച്ച പത്ര കുറിപ്പ് പുറത്തിറക്കിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം സ്വദേശിനിയായ സ്ത്രീയാണ് പരാതിക്കാരി. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്ക് വിളിച്ചപ്പോഴാണ് ജീവനക്കാരനായ കെ പി ഗിരീഷ്‌കുമാര്‍ മോശമായി സംസാരിച്ചത്.
മുഖ്യമന്ത്രിയെ കാണാന്‍ സൗകര്യം ഒരുക്കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് ഗിരീഷ് പറഞ്ഞതായി സ്ത്രീ പരാതി നല്‍കിയിരുന്നു. പരാതി പരിഹാര സെല്ലില്‍ കരാര്‍ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഗിരീഷ്. പതിനെട്ടാം തീയതി പൊതുഭരണ വകുപ്പ് പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷം ഗിരീഷ് കുമാറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബുധനാഴ്ച ഇയാളെ ജോലിയില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.