ലീഗിന് രണ്ട് ജനറല്‍ സെക്രട്ടറിമാര്‍

Webdunia
ചൊവ്വ, 5 ജൂലൈ 2011 (16:49 IST)
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ്‌ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയും. ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ് എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. ഇ ടി മുഹമ്മദ് ബഷീര്‍ പൊതുകാര്യങ്ങളുടെ ചുമതല വഹിക്കും. സംഘടനാ കാര്യങ്ങളുടെ ചുമതല കെ പി എ മജീദിനായിരിക്കും. തിരുവനന്തപുരത്ത്‌ നടന്ന മുസ്ലീംലീഗ്‌ പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

നാല് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. കുട്ടി അഹമ്മദ് കുട്ടി, പി എം എ സലാം, എം ഐ തങ്ങള്‍, പി എം മായിന്‍‌ ഹാജി എന്നിവരാണിവര്‍. ചന്ദ്രികയുടെ ചുമതല പി വി അബ്ദുള്‍വഹാബിനാണ്.

പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് രണ്ടു ജനറല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതെന്ന് കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കെ പി എ മജീദ് ഇനി മുതല്‍ യു ഡി എഫ് അംഗം ആയിരിക്കും.
അതേസമയം ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് രണ്ടുപേരെ തെരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. തര്‍ക്കം മൂലമാണ് ഒരു ജനറല്‍ സെക്രട്ടറി എന്ന കീഴ്വഴക്കത്തില്‍ നിന്ന് പാര്‍ട്ടിക്ക് മാറേണ്ടിവന്നത്. സമവായം ഉണ്ടാവാത്തതിനാല്‍ ഒരാളെ ഏകകണ്ഠമായി തെരഞ്ഞെടുക്കാന്‍ സാധിച്ചില്ല.