നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശവുമായി സുകുമാര്‍ അഴീക്കോട് വീണ്ടും രംഗത്ത്. ലാലിന് വിവരമില്ലെന്നാണ് ഇത്തവണ അഴീക്കോട് മാഷിന്‍റെ കണ്ടെത്തല്‍. സംസ്‌കൃത സര്‍വ്വകലാശാല നല്‍കിയ ഡിലിറ്റ് ബിരുദം സ്വീകരിച്ച മോഹന്‍ലാലിനോട് ശങ്കരാചാര്യരെക്കുറിച്ച് പത്തു മിനിറ്റ് സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹം അപ്പോഴേ നാടുവിട്ടു പോകുമായിരുന്നു എന്നാണ് അഴീക്കോടിന്‍റെ പുതിയ ആരോപണം.
അങ്കമാലി ആദിശങ്കര ജന്മദേശ വികസനസമിതിയുടെ ശങ്കരജയന്തി സമ്മേളനത്തിലാണ് അഴീക്കോട് മോഹന്‍ലാലിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനം അഴിച്ചു വിട്ടത്. മോഹന്‍ലാലിന് ഡിലിറ്റ് നല്‍കിയത് സംസ്‌കൃത സര്‍വ്വകലാശാല എങ്ങോട്ടു പോകുന്നുവെന്നതിന്‍റെ തെളിവാണ്. ഇങ്ങനെയുള്ള അസംബന്ധങ്ങള്‍ നടത്തുന്നവര്‍ ഭരിക്കുന്ന കാലത്തോളം കാലടി സര്‍വകലാശാലയിലേക്ക് വരില്ലെന്ന് അവിടുത്തെ വൈസ് ചാന്‍സലറെ കത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും അഴീക്കോട് പറഞ്ഞു.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മഹാനായ സംസ്‌കൃത പണ്ഡിതനായ ശാസ്ത്രിയെ സര്‍വകലാശാല ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. ശങ്കരാചാര്യര്‍ ജീവിച്ചിരുന്നെങ്കില്‍ സംസ്‌കൃത സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം വാങ്ങാനാകാതെ ദിവംഗതനാകേണ്ടി വന്നേനെയെന്നും അഴീക്കോട് പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ആക്ടിംഗ് വൈസ് ചാന്‍സലര്‍ ആയിരുന്നപ്പോള്‍ മാത്രമാണ് ജീവിതത്തില്‍ ആക്ട് ചെയ്തിട്ടുള്ളതെന്നും അഴീക്കോട് വ്യക്തമാക്കി. ആ സമയത്ത് കെ പി കേശവമേനോന്‍, മുഹമ്മദ് ഗനി എന്നിവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി. എന്നാല്‍ അതിലെല്ലാം എന്തെങ്കിലും അപാകയുള്ളതായി ഇന്നുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.