റീപോളിംഗ്: കള്ളവോട്ട്‌ ചെയ്‌തതായി പരാതി

Webdunia
ശനി, 16 ഏപ്രില്‍ 2011 (13:08 IST)
PRO
PRO
ചാലക്കുടി മണ്ഡലത്തിലെ കൂടപ്പുഴ എണ്‍പത്തിയെട്ടാം ബൂത്തില്‍ നടക്കുന്ന റീപോളിംഗിനിടെ കള്ളവോട്ട്‌ ചെയ്‌തതായി പരാതി. കൂടപ്പുഴ തത്തമംഗലത്ത്‌ റഹീമനാസറിന്റെ വോട്ട് വേറെ ആള്‍ ചെയ്തെന്നാണ് പരാതി. ഇതേതുടര്‍ന്ന്‌ ഇവരെ ടെന്‍ഷര്‍ വോട്ട്‌ ചെയ്യാന്‍ പ്രിസൈഡിംഗ്‌ ഓഫീസര്‍ അനുവദിച്ചു.

പരിശോധനയ്ക്കിടെ പോള്‍ ചെയ്ത 27 വോട്ട് കാണാതായതിനെ തുടര്‍ന്നാണ് ചാലക്കുടിയില്‍ റീപോളിംഗ് നടത്താന്‍ തീരുമാനിച്ചത്.

പട്ടാമ്പി മണ്ഡലത്തിലെ നൂറ്റിപതിനെട്ടാം ബൂത്തിലും റീപോളിംഗ് നടക്കുകയാണ്. പട്ടാമ്പിയില്‍ യുഡി‌എഫ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനു പകരം ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം പതിപ്പിച്ചതാണ് പ്രശ്നമായത്. വോട്ടെടുപ്പ് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് യുഡി‌എഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇവിടെ റിപോളിംഗ് നിശ്ചയിച്ചത്.