കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ അജു വർഗീസ്, സലിം കുമാർ, സജി നന്ത്യാട്ട്, ദിലീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, നടിയുടെ പേര് പറഞ്ഞ റിമ കല്ലിങ്കലിനെതിരെ പൊലീസ് ഇതുവരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഫാൻസ്.
നടിയുടെ പേര് വെളിപ്പെടുത്തിയ റിമയ്ക്കെതിരെ കേസെടുക്കണമെന്നായിരുന്നു ദിലീപ് ഫാൻസിന്റെ ആവശ്യം. ദിലീപിന് ജാമ്യം ലഭിച്ചപ്പോൾ താരത്തെ കാണാൻ ആലുവ ജയിലിന് മുന്നിലെത്തിയ ആരാധകരാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. റിമ കല്ലിങ്കല്ലിനെതിരെ മാത്രം പൊലീസ് കേസെടുക്കുന്നില്ലെന്നും ആലുവ പൊലീസിന് രജിസ്റ്റേർഡ് പോസ്റ്റ് വരെ അയച്ചിട്ടും ഇതുവരെയും യാതോരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. ഉന്നതന്റെ ഭാര്യയായതുകൊണ്ടാണോ കേസെടുക്കാത്തതെന്ന് സംശയമുണ്ടെന്നും ഇവർ ആരോപിക്കുന്നു.