മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനയെയും പത്തുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ പൊലീസിന് കസ്റ്റഡിയില്‍ വാങ്ങാം. എറണാകുളം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.
ഇരുവരെയും ശാരീരികമായും മാനസികമായും ഉപദ്രവിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും മറ്റുമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ചോദ്യം ചെയ്യുന്ന സമയം കൃത്യമായി പ്രതികളുടെ അഭിഭാഷകരെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു.
ആഭ്യന്തര സുരക്ഷാവിഭാഗം ആയിരുന്നു ഇരുവരെയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ആന്ധ്രയിലെ മാവോയിസ്റ് നേതാക്കളായ മല്ലരാജ റെഡ്ഡിയെയും ഭാര്യ ബീച്ച ജഗണ്ണയെയും പെരുമ്പാവൂരില്‍ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതു സംബന്ധിച്ച കേസില്‍ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരികയായിരുന്നു.