ക്രഷര്‍ ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ നടപടിക്ക് വിധേയനായ പത്തനംതിട്ട മുന്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുന്നു. തൃശൂര്‍ വിജിലന്‍സ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തൃശൂര്‍ സ്വദേശി പി ഡി ജോസഫിന്‍റെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ക്വാറി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ഡി ജി പിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് രാഹുല്‍ ആര്‍ നായരെ പത്തനംതിട്ട എസ് പി സ്ഥാനത്തുനിന്ന് നീക്കിയത്. പത്തനംതിട്ട കോയിപ്പുറത്തെ ക്വാറി ഉടമ ജയേഷില്‍ നിന്ന് 17 ലക്ഷം രൂപ എസ് പി കൈക്കൂലി വാങ്ങി എന്ന റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ഇതുസംബന്ധിച്ച് ഇന്‍റലിജന്‍സ് ആണ് ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പിന്നീട് ഡി ജി പി ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
കോയിപ്പുറത്തെ സ്വകാര്യ ക്രഷര്‍ യൂണിറ്റ് കഴിഞ്ഞ മാസം പൊലീസ് പൂട്ടിച്ചിരുന്നു. എന്നാല്‍ 10 ദിവസത്തിന് ശേഷം ഈ ക്രഷര്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചുതുടങ്ങി. ക്രഷര്‍ ഉടമ ജയേഷ് ഒരു ഇടനിലക്കാരന്‍ മുഖേന ഒരു വാഹനത്തില്‍ വച്ച് എസ് പി രാഹുല്‍ ആര്‍ നായര്‍ക്ക് കൈക്കൂലി നല്‍കി എന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. 17 ലക്ഷം രൂപ എസ് പിക്ക് നല്‍കിയതായായിരുന്നു റിപ്പോര്‍ട്ട്.