രാഷ്ട്രീയ കൊലപാതകങ്ങള്‍ പുനരന്വേഷിക്കണം: ചെന്നിത്തല

Webdunia
ശനി, 26 മെയ് 2012 (20:08 IST)
PRO
PRO
നക്സല്‍ വര്‍ഗീസ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ പോലെയാണ്‌ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ പ്രസ്‌താവനയെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കൊല്ലാന്‍ പാര്‍ട്ടി നേരിട്ട്‌ ഇടപെട്ടുവെന്നാണ്‌ മണി പറഞ്ഞത്‌. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കില്ലെന്ന്‌ സിപിഎം നേതൃത്വം പറയുമ്പോള്‍ ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാം പുനരന്വേഷണം നടത്തണം. കോണ്‍ഗ്രസിനു പങ്കുണ്ടെന്ന്‌ ആരോപിക്കപ്പെടുന്ന കേസുകളും അന്വേഷിക്കണം. ഒരു പ്രതിയെയും രക്ഷപ്പെടാന്‍ അനുവദിക്കരുത്‌. രാഷ്ട്രീയ പ്രതിയോഗികളെ സിപിഎം കൊലപ്പെടുത്തുന്നുവെന്ന കോണ്‍ഗ്രസിന്റെ വാദത്തിന്റെ ഏറ്റവും വലിയ തെളിവാണ്‌ മണിയുടെ പ്രസ്‌താവനയെന്നും ചെന്നിത്തല പറഞ്ഞു.