രാമചന്ദ്രന്‍ മാസ്റ്ററോട് കെപിസിസി വിശദീകരണം ആവശ്യപ്പെട്ടു

Webdunia
ബുധന്‍, 30 മാര്‍ച്ച് 2011 (14:58 IST)
അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാലാണ് മന്ത്രിസഭയില്‍ നിന്ന് തന്നെ പുറത്താക്കിയതെന്ന ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ അതിനെക്കുറിച്ച് വിശദീകരണം നല്കണമെന്ന് കെ കെ രാമചന്ദ്രന്‍ മാസ്റ്ററോട് കെ പി സി സി ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനകം വിശദീകരണം നല്കണമെന്നാണ് കെ പി സി സിയുടെ ആവശ്യം.

ഗുരുതരമായ അച്ചടക്ക ലംഘനവും സംഘടനാവിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടിയാണ്‌ വിശദീകരണം തേടിയിരിക്കുന്നത്‌. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നും കെ പി സി സി വ്യക്തമാക്കി.

വിവാദ വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ രംഗത്ത് കഴിഞ്ഞദിവസമായിരുന്നു രംഗത്തു വന്നത്. അഴിമതിക്ക്‌ താന്‍ കൂട്ടു നില്‍ക്കാത്തതിനാലാണ്‌ തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതെന്ന് പറഞ്ഞ രാമചന്ദ്രന്‍ മാസ്റ്റര്‍ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫോണില്‍ വിളിച്ച്‌ തന്നെ ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞിരുന്നു.

കോണ്‍ഗ്രസില്‍ പേയ്‌മെന്റ് സീറ്റു നല്കിയിട്ടുണ്ടെന്നും സോണിയ ഗാന്ധിയുടെ ഓഫീസില്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.