മദ്യലഹരിയില്‍ രാത്രി വീടുമാറി കയറിയ പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി. കഴിഞ്ഞദിവസം രാത്രിയില്‍ റാന്നി സ്റ്റേഷനിലെ പൊലീസുകാരനാണ് വീടു മാറിപ്പോയത്.
രാത്രി 11.20നു കോളജു റോഡില്‍ പൂവത്തുംകുന്നിലുള്ള ഒരു വീടിന്റെ അടുക്കള ഭാഗത്തെ ജനലില്‍ ഇയാള്‍ തട്ടി വിളിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളം വച്ചു. ആളുകള്‍ എത്തിയപ്പോള്‍ ഗേറ്റിനു സമീപം ഇരിക്കുകയായിരുന്നു പൊലീസുകാരന്. കള്ളനെന്നു കരുതി നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാള്‍ തന്നെയാണ് താന്‍ പൊലീസുകാരനാണെന്ന് അറിയിച്ചത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ വൈദ്യപരിശോധനക്കു വിധേയനാക്കി. ഇയാള്‍ പൂവത്തുകുന്നില് എത്തിയതെന്നു കരുതുന്ന മോട്ടോര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസിക്കുന്നത്.