യോഗമായാനന്ദാശ്രമം ആരംഭിച്ചു

Webdunia
PROPRO
മധ്യ തിരുവിതാംകൂറിനെ പുളകമണിയിച്ചു കൊണ്ട് ഒഴുകുന്ന പുണ്യ നദിയായ പമ്പയുടെ കരയില്‍ പ്രകൃതിരമണീയമായ സ്ഥലത്ത് യോഗമായാനന്ദാശ്രമം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട്ടിലെ വടശ്ശേരിക്കരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബ്രഹ്മശ്രീ യോഗമായാനന്ദയാണ് ആശ്രമധിപന്‍.

ഇവിടത്തെ വൈഷ്ണവീദേവി പ്രതിഷ്ഠാ കര്‍മ്മം നവംബര്‍ 12 ന് രാവിലെ ഏഴുമണിക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ പറക്കോട് എന്‍.വി.നമ്പ്യാതിരി അവര്‍കളുടെ സാന്നിധ്യത്തില്‍ ബ്രഹ്മശ്രീ യോഗമായാനന്ദസ്വാമികള്‍ നിര്‍വഹിച്ചു.

പ്രതിഷ്ഠാ കര്‍മ്മത്തെ തുടര്‍ന്ന് ബ്രഹ്മശ്രീ പറക്കോട് എന്‍.വി.നമ്പ്യാതിരി അവര്‍കളുടെ കാര്‍മ്മികത്വത്തില്‍ ശ്രീമത് ദേവീഭാഗവത നവാഹജ്ഞാനയജ്ഞവും ആരംഭിച്ചു. നവംബര്‍ 20 അഥാവാ വൃശ്ചികം നാലാം തീയതി ചൊവ്വാഴ്ചവരെ ഈ യജ്ഞം തുടരുന്നതാണ്.

2005 ല്‍ ബ്രഹ്മശ്രീ യോഗമായാനന്ദ സ്വാമികളാല്‍ സ്ഥാപിതമായ യോഗാമയാനന്ദാശ്രമം ജീവിതത്തിന്‍റെ എല്ലാ തുറകളിലും വിഷമങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും യഥാര്‍ത്ഥ സനാതന ധര്‍മ്മം കാംക്ഷിക്കുന്നവര്‍ക്കും ശബരിമല അയ്യപ്പ ഭക്തന്‍‌മാര്‍ക്കും വിശിഷ്യാ നാട്ടുകാര്‍ക്കും ഏറെ പ്രയോജനകരമായ ഒട്ടനവധി കാര്യങ്ങള്‍ സര്‍വ്വാത്മനാ സൌജന്യബുദ്ധിയോടെ നടത്തണം എന്നുള്ള അതിയായ ആഗ്രഹത്തോടുകൂടി സ്ഥാപിച്ചതാണ്.