ഇന്ധന, പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച യുഡിഎഫ് നടത്തുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകള്‍ പലതും രാവിലെ സര്‍വീസ് ആരംഭിച്ചിരുന്നു.
ആര്യനാട് ഡിപ്പോയിലെ ബസിനാണ് സര്‍വീസ് ആരംഭിക്കുന്നതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളില്‍ ബസുകള്‍ തടഞ്ഞു. പാലാരിവട്ടത്തും കെഎസ്ആര്‍ടിസി ബസിന് നേര്‍ക്ക് കല്ലേറുണ്ടായി. തൃശൂരില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.
അതേസമയം അക്രമസാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പൊലീസിന് പ്രത്യേക നിര്‍ദ്ദേശം ഡിജിപി ബെഹ്റ നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് യുഡിഎഫ് ഹര്‍ത്താല്‍. ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാര്‍ നയങ്ങൾക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിരിക്കുന്നത്.