യുഡിഎഫ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത് ആരോഗ്യത്തിന്: മുഖ്യമന്ത്രി
ചൊവ്വ, 14 മെയ് 2013 (16:44 IST)
PRO
PRO
യുഡിഎഫ് സര്‍ക്കാര്‍ ഇനി പ്രാധാന്യം നല്‍കുന്നത് ആരോഗ്യ പരിപാലനരംഗത്തായിരിക്കുമെന്നും ഇതുസംബന്ധിച്ച സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചും വിഷന്‍ 2030 മായി ബന്ധപ്പെട്ടും മാധ്യമ മേധാവികളുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ മിക്ക പ്രവര്‍ത്തനങ്ങളും അഞ്ചുവര്‍ഷക്കാലാവധിയിലാണ്. എന്നാല്‍, സംസ്ഥാനത്തിന് വലിയ മുന്നേറ്റം കൈവരിക്കണമെങ്കില്‍ വിശാലമായ കാഴ്ചപ്പാട് ഉണ്ടാകണം. ഇതാണ് വിഷന്‍ 2030 രൂപീകരണത്തിനു പിന്നിലുള്ളത്. വിഷന്‍ 2030 മായി ബന്ധപ്പെട്ട് തുറന്ന സംവാദം ഉണ്ടാകും. ഈ മാസം തന്നെ ഇതിന്റെ കരട് വെബ്‌സൈറ്റിലിടും. പൊതുധാരണ ഉണ്ടാക്കിയശേഷം ജൂണ്‍ അവസാനത്തോടെ വിഷന്‍ 2030 പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
സൗദി സ്വദേശിവത്കരണംമൂലം ലക്ഷക്കണക്കിനാളുകള്‍ തിരിച്ചു വരുമെന്ന ആശങ്ക അസ്ഥാനത്താണ്. ബന്ധപ്പെട്ട മൂവായിരം പേര്‍ മാത്രമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ബാക്കിയുള്ളവര്‍ ഉണ്ടെങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവാസികാര്യമന്ത്രി കെസി ജോസഫ് ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങള്‍ ഉടന്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി കെസി ജോസഫ്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെഎം ചന്ദ്രശേഖര്‍, മെമ്പര്‍മാരായ സിപി ജോണ്‍, ജി വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.