ഐക്യമുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിലാണ് യോഗം ചേരുന്നത്. അരുവിക്കര സീറ്റിനും ഡെപൂട്ടി സ്പീക്കര്‍ സ്ഥാനത്തിനും യോഗത്തില്‍ ആര്‍ എസ് പി ആവശ്യം ഉന്നയിക്കും. എന്നാല്‍, ആര്‍ എസ് പിയുടെ ആവശ്യം യു ഡി എഫ് അംഗീകരിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരള കോണ്‍ഗ്രസ് (ബി) പാര്‍ട്ടിയെയും ആര്‍ ബാലകൃഷ്‌ണ പിള്ളയെയും യു ഡി എഫില്‍ നിന്നു പുറത്താക്കി കൊണ്ടുള്ള പ്രഖ്യാപനവും ഇന്നുണ്ടാകും. ഒപ്പം, ബജറ്റ് അവതരണത്തിനു ശേഷം ഉയര്‍ന്നു വന്ന ആശങ്കകളും യു ഡി എഫ് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ ഭാര്യ ഡോ സുലേഖയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അതേസമയം, സുലേഖയെ മത്സരിപ്പിക്കുന്നതിന് എതിരെ അരുവിക്കരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി സജീവ രാഷ്‌ട്രീയത്തിലുള്ള ആളുകളെ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, സുലേഖയുടെ നിലപാടറിയാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കഴിഞ്ഞദിവസം അവരെ നേരില്‍ കണ്ടിരുന്നു.