താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്റെ മൃതദേഹം വികൃതമായതായി പരാതി. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഓഫീസിലെ ക്ലാര്‍ക്ക് മുതുകുളം ശ്രീപാദത്തില്‍ ഉണ്ണികൃഷ്ണന്റെ (45) മൃതദേഹമാണ് പാറ്റയും ഉറുമ്പും കടിച്ച് വികൃതമാക്കിയത്.
ഞായറാഴ്ച രാത്രി പത്തോടെ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപം ബൈക്കും കാ റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഉണ്ണികൃഷ്ണന് മരിച്ചത്. സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ച ഉണ്ണികൃഷ്ണന്റെ മൃതദേഹം ഹൈവേ പൊലീസ് എത്തിയാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണുന്നതിനായി സഹോദരി ഭര്‍ത്താവ് മഹാദേവനും ബന്ധുക്കളും എത്തിയപ്പോഴാണ് മുഖത്തും ശരീരത്തും പാറ്റയും ഉറുമ്പും കടിച്ചു വികൃതമാക്കിയതായി കണ്ടത്.
സുരക്ഷിതമല്ലാത്ത മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം ഇന്നലെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. ഉണ്ണികൃഷ്ണനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഹരിപ്പാട് സ്വദേശിയായ ബന്ധു മോഹനന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉണ്ണികൃഷ്ണന്റെ അമ്മ: പൊന്നമ്മാള്‍. ഭാര്യ: മിനി. മക്കള്‍: ദിവ്യ ഉണ്ണി, ഭവ്യ ഉണ്ണി.