മോഡി സര്‍ക്കാര്‍ വന്നാല്‍ ഒ രാജഗോപാല്‍ മന്ത്രി തന്നെ

Webdunia
ഞായര്‍, 16 മാര്‍ച്ച് 2014 (16:07 IST)
PRO
ഇത്തവണ നരേന്ദ്ര മോഡി ഭാരതത്തിന്‍റെ പ്രധാനമന്ത്രി ആയാല്‍ തിരുവനന്തപുരം സീറ്റില്‍ മത്സരിക്കുന്ന ഒ.രാജഗോപാല്‍ എന്ന രാജേട്ടന്‍ ഉറപ്പായും മന്ത്രിയാകും - തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും - എന്നാണ്‌ നിലവിലെ സന്ദേശങ്ങള്‍ നല്‍കുന്ന സൂചന.

വാജ്‍പേയി സര്‍ക്കാര്‍ മുമ്പ് അധികാരത്തിലെത്തിയ സമയത്ത് രാജേട്ടന്‍ കേരളത്തില്‍ നിന്നല്ല എം.പി ആയതും തുടര്‍ന്ന് മന്ത്രിയായതും. മധ്യപ്രദേശില്‍ നിന്ന് രാജേട്ടനെ നേരിട്ട് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തായിരുന്നു മന്ത്രിയാക്കിയത്. അന്ന് രാജേട്ടന്‍ കേരളത്തിനു വേണ്ടി റയില്‍വേയുടെ കാര്യത്തില്‍ ചെയ്ത കാര്യങ്ങള്‍ രാഷ്ട്രീയക്കാരോ ജനതയ്യോ മറന്നിട്ടില്ല.

ഇക്കാരണം കൊണ്ടു മാത്രം തന്നെ രാജേട്ടന്‍ ജയിച്ചാലും ഇല്ലെങ്കിലും മോഡി അധികാരത്തിലേറിയാല്‍ രാജേട്ടന്‍ മന്ത്രിയാവും എന്നതാണു സംഗതി. അതുപോലെ തന്നെ തിരുവനന്തപുരത്തെ നിലവിലെ എം.പി.യും മന്ത്രിയുമായ ശശി തരൂര്‍ ജയിച്ചാലും കോണ്‍ഗ്രസാണ്‌ അധികാരത്തില്‍ വരുന്നതെങ്കില്‍ മന്ത്രിയാവും എന്ന സ്ഥിതിയാണുള്ളത്. എന്തായാലും തലസ്ഥാന നഗരിയിലെ വോട്ടര്‍മാര്‍ക്ക് ഇത്തരമൊരു ഭാഗ്യമെങ്കിലും ഉണ്ടല്ലോ എന്നാണ്‌ സമാധാനിക്കുന്നത്.

ഇരുവര്‍ക്കും എതിരാളിയായി ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി സി.പി.ഐയുടെ ബെന്നറ്റ് എബ്രഹാം രംഗത്തുണ്ടെങ്കിലും ഇദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങളാണ്‌ എതിരാളികള്‍ ഉന്നയിക്കുന്നത്. ബെന്നറ്റിന്‍റെ വിജയത്തിനായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്‌ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്.

ശക്തമായ ത്രികോണ മത്സരം തന്നെ ഇത്തവണ തിരുവനന്തപുരത്ത് ഉണ്ടാകുമെന്ന് പൊതുവേ പറയുന്നെങ്കിലും കോണ്‍ഗ്രസും ബി.ജെ.പിയുമാവും നേര്‍ക്കു നേര്‍ പോര്‌ എന്നാണു ഇപ്പോഴത്തെ നില. ഇരുവരുടെയും സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബെന്നറ്റ് എബ്രഹാമിനെ അപേക്ഷിച്ച് ഏറെ മുന്നേറിയിരിക്കുകയാണ്‌.