മോക്ഡ്രില്ലിനിടെ അപകടം: ഡിവൈഎസ്പി മരിച്ചു

Webdunia
ബുധന്‍, 26 ജനുവരി 2011 (10:13 IST)
ദുരന്ത നിവാരണ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈ എസ് പി മരിച്ചു. ആലപ്പുഴ ഡിവൈ എസ് പി മാവേലിക്കര ചെറുകോല്‍ വാരോട്ടില്‍ ബി രവീന്ദ്രപ്രസാദ്(50) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ ആലപ്പുഴ വഴിച്ചേരിയിലുള്ള ഇ എസ് ഐ ആശുപത്രിക്ക് മുമ്പിലായിരുന്നു അപകടം. ഇ എസ് ഐ. ആശുപത്രിക്ക് പിന്നിലുള്ള കെട്ടിടത്തില്‍ ബോംബുസ്‌ഫോടനമുണ്ടാവുകയും പൊലീസും ഫയര്‍ഫോഴ്‌സും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന രംഗമാണ് മോക്ഡ്രില്ലിന്റെ ഭാഗമായി ഇവിടെ ആവിഷ്‌കരിച്ചത്.

ഡിസ്പെന്‍സറി കവാടത്തില്‍ നിന്നു വാഹനങ്ങളെയും ജനങ്ങളെയും നിയന്ത്രിക്കുന്നതിനിടെ മൂന്നു ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ ഇടുങ്ങിയ കവാടത്തിലൂടെ പാഞ്ഞെത്തുകയായിരുന്നു. ഈ സമയം ഇവിടെ നില്‍ക്കുകയായിരുന്ന രവീന്ദ്രപ്രസാദ് ഒഴിഞ്ഞു മാറുന്നതിനു മുമ്പ് രണ്ടാമതായെത്തിയ വാഹനം രവീന്ദ്രപ്രസാദിനെ ഇടിക്കുകയായിരുന്നു. ഡിവൈഎസ്പി നിലത്തു വീണതു കണ്ടെങ്കിലും മോക്ഡ്രില്ലിന്റെ ഭാഗമായുള്ള നാടകമാണെന്നു കരുതി ആരും അദ്ദേഹത്തെ കാര്യമായി ശ്രദ്ധിച്ചില്ല. അല്‍പ നേരം കഴിഞ്ഞാണ് ഉദ്യോഗസ്ഥര്‍ക്കും സമീപത്തുണ്ടായിരുന്നവര്‍ക്കും യഥാര്‍ഥത്തില്‍ അപകടം നടന്നതാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വലതുകാലിന്റെ മുട്ടിന് താഴെയും ഇടുപ്പെല്ലിനും പൊട്ടലുണ്ടാവുകയും മൂത്രസഞ്ചിക്ക് പരിക്കേല്‍ക്കുകയും രവീന്ദ്രപ്രസാദിനെ ട്രോമാകെയര്‍ യൂണിറ്റില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

ജില്ലാ കലക്ടര്‍ പി വേണുഗോപാല്‍, ചെങ്ങന്നൂര്‍ സബ് കലക്ടര്‍ ഹരികിഷോര്‍, എറണാകുളം റേഞ്ച് ഐജി ബി. സന്ധ്യ, എസ്പി എ. അക്ബര്‍, ആര്‍ഡിഒ എ. ഗോപകുമാര്‍, ഡിഎംഒ ഡോ കെ എം സിറാബുദീന്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ കെ രാജ്മോഹന്‍, ആര്‍എംഒ ഡോ സന്തോഷ് രാഘവന്‍, വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.