മൂവായിരം വിഷുചന്തകള്‍ ആരംഭിക്കും

Webdunia
കണ്‍സ്യൂമര്‍ ഫെഡ്‌ സംസ്ഥാനത്ത്‌ മൂവായിരം വിഷുചന്തകള്‍ ആരംഭിക്കുമെന്ന്‌ സഹകരണ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഏപ്രില്‍ ഏഴ്‌ മുതല്‍ 14വരെ വിഷുചന്തകള്‍ ഉണ്ടാകും.

കണ്‍സ്യൂമര്‍ ഫെഡിന്‍റെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണത്തിന്‍റെ ഉദ്ഘാടനം തിരുവനന്തപുരത്ത്‌ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അറുന്നൂറ്‌ കോടി രൂപയുടെ വില്‍പന നടത്തി ചുരുങ്ങിയ കാലയളവില്‍ കണ്‍സ്യൂമര്‍ ഫെഡ്‌ നഷ്ടത്തില്‍ നിന്ന്‌ ലാഭത്തിലെത്തികഴിഞ്ഞതായും മന്ത്രി അവകാശപ്പെട്ടു.

വിഷു ചന്തകള്‍ വഴി 32 ഇനം നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ മേഖലയിലെ നിക്ഷേപ സമാഹരണം 38,000 കോടി കവിഞ്ഞു. പുറമേ നിന്നുള്ള സഹായങ്ങളില്ലാതെ സ്വന്തം നിലയ്ക്ക്‌ വികസിക്കാന്‍ സഹകരണ മേഖല ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞു.

ഓണക്കാലത്തും മറ്റ്‌ ഉത്സവാവസരങ്ങളിലും അവസരോചിതമായ ഇടപെടലുകളിലൂടെ കണ്‍സ്യൂമര്‍ ഫെഡ്‌ വിലക്കയറ്റം ഫലപ്രദമായി തടഞ്ഞിട്ടുണ്ട്‌. കമ്പോളത്തിലെ വിലവര്‍ദ്ധനവ്‌ സഹകരണ ചന്തകളില്‍ ഉണ്ടാവില്ല. സഹകരണ ബാങ്കുകള്‍ക്ക്‌ തിരികെ ലഭിക്കാനുള്ള പണം വീണ്ടെടുക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും.

സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണത്തിലൂടെ കണ്‍സ്യൂമര്‍ഫെഡ്‌ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ മാതൃകയായിരിക്കുകയാണ്‌ എന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വിഷന്‍ 2011 വിപുലീകരണ പദ്ധതിയുടെ 175 കോടി രൂപയുടെ പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ സഹകരണസംഘം രജിസ്ട്രാര്‍ റാണി ജോര്‍ജ്ജ്‌ മന്ത്രിക്ക്‌ കൈമാറി.