മുസ്ലിം ലീഗുമായി ഒരു ബന്ധവും ഉണ്ടാകില്ല: കോടിയേരി

Webdunia
വ്യാഴം, 28 നവം‌ബര്‍ 2013 (17:41 IST)
PRO
മുസ്ലിം ലീഗുമായി ഇടതുമുന്നണി ഒരു ബന്ധവും ഉണ്ടാക്കില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍. ലീഗുമായുള്ള ബന്ധം നേരത്തേ വിച്ഛേദിച്ചതാണെന്നും കോടിയേരി വ്യക്തമാക്കി. പാര്‍ട്ടി പ്ലീനത്തിന്‍റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.

കെ എം മാണി യു ഡി എഫ് വിടാന്‍ തീരുമാനിച്ചാല്‍ അദ്ദേഹവുമായി സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു. മാണി ഇപ്പോള്‍ യു ഡി എഫിന്‍റെ ധനമന്ത്രിയാണ്. അദ്ദേഹം യു ഡി എഫ് വിടാന്‍ തീരുമാനിച്ചാല്‍ ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാം. അതല്ലാതെ മാണിയുമായി ഒരു ചര്‍ച്ചയ്ക്കില്ല - കോടിയേരി വ്യക്തമാക്കി.

പാര്‍ട്ടി പ്ലീനത്തില്‍ കെ എം മാണി പങ്കെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോല്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് കോടിയേരി അറിയിച്ചു. സീതാറാം യെച്ചൂരി പങ്കെടുക്കുന്ന ഒരു യോഗമാണ്. മുന്‍ ധനമന്ത്രി തോമസ് ഐസക്കും ആ യോഗത്തിന്‍റെ ഭാഗമാണ്. അതിനാല്‍ ഇപ്പോഴത്തെ ധനമന്ത്രിയെയും ക്ഷണിച്ചു എന്നേയുള്ളൂ - കോടിയേരി അറിയിച്ചു.

എം പി വീരേന്ദ്രകുമാറാണ് ഇടതുമുന്നണിയോട് വലിയ വഞ്ചന കാണിച്ചതെന്നും എന്നാല്‍ മുന്നണിവിട്ട് പുറത്തുപോയവര്‍ എന്നെങ്കിലും തിരിച്ചുവരാന്‍ തയ്യാറായാല്‍ ക്ഷമിച്ചും പൊറുത്തും നിലപാട് സ്വീകരിക്കുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.