മുല്ലപ്പെരിയാര്‍: വ്യവസ്ഥകള്‍ പാലിക്കാ‍ത്ത തമിഴ്‌നാടിനെതിരെ കേരളം സുപ്രീം‌കോടതിയിലേക്ക്

Webdunia
ചൊവ്വ, 8 ഡിസം‌ബര്‍ 2015 (11:15 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ വ്യവസ്ഥകള്‍ പാലിക്കാത്ത തമിഴ്‌നാടിനെതിരെ സുപ്രീം‌കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മുന്നറിയിപ്പ് നല്‍കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും വെള്ളം ഒഴുക്കിവിട്ടത് വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ് അറിയിച്ചു. 
 
സുപ്രീംകോടതി നിശ്ചയിച്ച സംഭരണ ശേഷിയിലെത്തിയിട്ടും തമിഴ്നാട് നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല. സ്പില്‍‌വേകള്‍ തുറന്നുവിടുമ്പോള്‍ മണിക്കൂറുകള്‍ക്ക് മുമ്പേ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ തമിഴ്നാടിന്‍റെ ഭാഗത്തുനിന്ന് അതുണ്ടായില്ല. തിങ്കളാഴ്ച രാത്രി എട്ട് ഷട്ടറുകളാണ് തമിഴ്നാട് തുറന്നത്. ഇതോടെ മുല്ലപ്പെരിയാറിന്‍റെ സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.
 
ചൊവ്വാഴ്ച രാവിലെ ഷട്ടറുകള്‍ അടച്ചതോടെ കാര്യങ്ങള്‍ പഴയനിലയിലേക്ക് മടങ്ങിയെത്തിയെങ്കിലും ജനങ്ങള്‍ ഭീതിയിലാണ്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനോ വഴിവിളക്കുകള്‍ സ്ഥാപിക്കാനോ പോലും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ അവര്‍ അസംതൃപ്തരാണ്. 
 
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം പി ജെ ജോസഫും ഉയര്‍ത്തുന്നുണ്ട്. മേല്‍നോട്ട സമിതിയുടെ വീഴ്ചകളും തമിഴ്നാട് നടപടിക്രമങ്ങള്‍ പാലിക്കാത്തതും കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കാന്‍ തീരുമാനിച്ചതായി പി ജെ ജോസഫ് പറഞ്ഞു.