മുല്ലപ്പെരിയാര്‍ തുറന്നുവിട്ടേക്കും, ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു
തിങ്കള്‍, 7 ഡിസംബര്‍ 2015 (17:44 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടേക്കും. ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കഴിഞ്ഞാലുടന്‍ അണക്കെട്ടിന്‍റെ സ്പില്‍വേ തുറന്നുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. അണക്കെട്ടിന്‍റെ സമീപപ്രദേശങ്ങളിലുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
വള്ളക്കടവ്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളിലായി 206 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ സ്കൂളുകളിലേക്ക് മാറ്റിത്താമസിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്ന് മന്ത്രി പി ജെ ജോസഫ് അറിയിച്ചു.
ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവും തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവും പരിശോധിച്ചാല്‍ ഉടന്‍ തന്നെ ഡാമിലെ ജലനിരപ്പ് 142 അടി കവിയും. ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. 1913 ഘന അടി വെള്ളമാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്. 2000 ഘന അടിയില്‍ കൂടുതല്‍ കൊണ്ടുപോകാന്‍ സാധ്യമല്ല എന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്.
142 അടിയിലേക്ക് ജലനിരപ്പ് എത്തുന്നതിന് ആറുമണിക്കൂര്‍ മുമ്പെങ്കിലും മുന്നറിയിപ്പ് തരണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നതാണെന്നും അത് പാലിക്കപ്പെട്ടില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. ജനപ്രതിനിധികളും ഉന്നതാധികാരികളും യോഗം ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.