മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയായി

Webdunia
ചൊവ്വ, 27 ഏപ്രില്‍ 2010 (18:22 IST)
PRO
മുല്ലപ്പെരിയാര്‍ പ്രശ്നം പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ ഉന്നതാധികാര സമിതിയിലേക്കുള്ള കേന്ദ്ര പ്രതിനിധികളെ നിശ്ചയിച്ചു. മുന്‍ കേന്ദ്ര ജല വിഭവ സെക്രട്ടറി സി ഡി തട്ടെ കേന്ദ്ര ജലക്കീഷന്‍ മുന്‍ എഞ്ചിനീയര്‍ ഡി കെ മെഹ്ത എന്നിവരാണ് കേന്ദ്ര പ്രതിനിധികള്‍. ഈ മാസം 30നകം ഇതു സംബന്ധിച്ചു വിജ്ഞാപനമിറക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.

1999, 2000 വര്‍ഷങ്ങളില്‍ കേരള ഹൈക്കോടതി ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസായിരുന്ന എ ആര്‍ ലക്ഷ്മണനാണ് സമിതിയിലെ തമിഴ്നാടിന്‍റെ പ്രതിനിധി. ജസ്റ്റിസ്‌ കെ ടി തോമസാണു സമിതിയില്‍ കേരളത്തിന്റെ പ്രതിനിധി. ജസ്റ്റിസ്‌ എ എസ് ആനന്ദ്‌ ആണ് സമിതി അധ്യക്ഷന്‍. മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് പ്രത്യേക കമ്മിറ്റിയെ രൂപവത്കരിക്കുന്നത്. ആറ് മാസത്തിനകം കമ്മിറ്റി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

അണക്കെട്ടിനു ബലക്ഷയമുണ്ടെന്നുള്ള കേരളത്തിന്റെ വാദത്തില്‍ കഴമ്പില്ലെന്നും ജലനിരപ്പ്‌ ഉയര്‍ത്താനുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കെ, ജസ്റ്റിസ്‌ എ എസ്‌ ആനന്ദ്‌ അധ്യക്ഷനായ സമിതിയുമായി സഹകരിക്കേണ്ടെന്നുമുള്ള നിലപാട് മാറ്റിയാണ് തമിഴ്നാട് കഴിഞ്ഞ ആഴ്ച പ്രതിനിധിയെ നിശ്ചയിച്ചത്.