അതേസമയം, ചികിത്സ നല്‍കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ചപറ്റിയിട്ടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് വിദഗ്ദ സമിതിയെ നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കും ഈ സമിതിയുടെ ചെയര്‍മാന്‍. അനസ്‌തേഷ്യ, മെഡിസിന്‍ സര്‍ജറി വിഭാഗം മേധാവികളും ഇതില്‍ അംഗങ്ങളായിരിക്കും. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
ചികില്‍സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെതുടര്‍ന്നായിരുന്നു നാഗര്‍കോവില്‍ സ്വദേശിയായ മുരുകന്‍ (47) ആംബുലന്‍സില്‍വച്ച് മരിച്ചത്. ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.