മുരളീധരനെതിരെ മത്സരിക്കാൻ താനില്ലെന്ന് സുരേഷ് ഗോപി, ഏറ്റുമാനൂരിൽ സ്ഥാനാർഥിയാകാൻ കുമ്മനം രാജശേഖരൻ

Webdunia
ശനി, 5 മാര്‍ച്ച് 2016 (16:01 IST)
വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ കരുണാകരന്റെ മകന്‍ കെ മുരളീധരനെതിരെ മത്സരിക്കാൻ താനില്ല എന്ന നിലപാട് സുരേഷ് ഗോപി ആവർത്തിച്ചു. അതേസമയം, ഏറ്റുമാനൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ തയ്യാറാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു.
 
ഏറ്റുമാനൂരിൽ മത്സരിച്ചാൽ മണ്ഡലത്തിലെ ഹിന്ദു വോട്ടുകൾ നേടാൻ കഴിയുമെന്നും തുടർന്ന് ശക്തമായ മുന്നേറ്റമുണ്ടാക്കാമെന്ന ധാരണായിലുമാണ് കുമ്മനം രാജശേഖരൻ. വെള്ളിയാഴ്ച ആർ എസ് എസ് കാര്യാലയത്തിൽ നടന്ന യോഗത്തിലാണ് കുമ്മനം ഇക്കാര്യം അറിയിച്ചത്.
 
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ല എന്ന് കേന്ദ്രനേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും നേരത്തെ സുരേഷ് ഗോപി  അറിയിച്ചിരുന്നു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ  ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട തർക്കങ്ങ‌ളാണ് താരത്തെ സ്ഥാനാർഥിത്വ നിലപാടിൽ നിന്നും പിൻതിരിപ്പിച്ചതെന്ന് സൂചനയുണ്ട്.
 
മുരളീധരനെതിരെ താനില്ല എന്ന് സുരേഷ് ഗോപി ആവർത്തിക്കുമ്പോൾ മണ്ഡലം മാറ്റി തിരുവനന്തപുരം സെൻട്രലിൽ അദ്ദേഹത്തെ മത്സരിപ്പിക്കാനും പാർട്ടിക്കിടയിൽ ശ്രമം നടക്കുന്നുണ്ട്. ഇങ്ങനെ വന്നാൽ സംസ്ഥാൻ സെക്രട്ടറി വി വി രാജേഷിനെ മുരളീധരനെതിരെ പരിഗണിക്കും.