മുതിര്‍ന്ന നേതാക്കള്‍ സംയമനം പാലിക്കണം: സതീശന്‍

Webdunia
വെള്ളി, 23 മെയ് 2014 (21:05 IST)
പ്രസ്‌താവനകള്‍ ഇറക്കുമ്പോള്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ സംയമനം പാലിക്കണമെന്ന് കെ പി സി സി ഉപാധ്യക്ഷന്‍ വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് തോല്‍‌വിക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ അതിരുവിടുന്ന സാഹചര്യത്തിലാണ് സതീശന്‍റെ മുന്നറിയിപ്പ്. മന്ത്രിസഭാ പുനഃസംഘടന ഉടന്‍ വേണ്ടെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഒറ്റയ്ക്കല്ല തീരുമാനമെടുക്കേണ്ടതെന്നും സതീശന്‍ വ്യക്തമാക്കി. 
 
ജനദ്രോഹകരമായ നടപടികള്‍ തുടര്‍ച്ചയായി കൈക്കൊണ്ടതാണ് കോണ്‍ഗ്രസിനും യുപിഎയ്ക്കും കനത്ത തോല്‍വി ഉണ്ടാകാന്‍ കാരണമെന്ന് കൊടിക്കുന്നില്‍ സുരേഷ് തുറന്നടിച്ചിരുന്നു. വിലക്കയറ്റവും, പെട്രോള്‍ വില വര്‍ധനയും, ഗ്യാസ് സിലിണ്ടര്‍ എണ്ണം കുറച്ചതുമൊക്കെ ജനത്തെ എതിരാക്കിയെന്നും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നേതൃത്വം അവഗണിച്ചെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
 
കൊടിക്കുന്നിലിന്‍റെയും തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് വിവിധ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെയും പരോക്ഷമായി സൂചിപ്പിച്ചാണ് വി ഡി സതീശന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
 
അതേസമയം, അടഞ്ഞ്‌ കിടക്കുന്ന 418 ബാറുകളില്‍ എല്ലാം തുറന്ന്‌ പ്രവര്‍ത്തിക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഈ പ്രസ്താവനയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ വ്യക്തമാക്കി.