മുഖ്യമന്ത്രിക്ക് പിന്തുണയുമായി കോടിയേരി

Webdunia
വെള്ളി, 29 ഒക്‌ടോബര്‍ 2010 (20:44 IST)
PRO
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ രക്ഷയ്ക്ക്. ലോട്ടറിവിവാദം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സദുദ്ദേശത്തോടെയായായിരുന്നു എന്ന് കോടിയേരി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി പ്രതിഫലിച്ചതായി കരുതുന്നില്ലെന്നും കോടിയേരി പറയുന്നു. ഒരു പ്രമുഖ ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കോടിയേരി മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ലോട്ടറി വിഷയത്തില്‍ സര്‍ക്കാരിന് ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു വി എസ് ചെയ്തത്. സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതും പരിഹരിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് - കോടിയേരി പറഞ്ഞു.

പഞ്ചായത്തു തെരഞ്ഞെടുപ്പിലെ സി പി എമ്മിന്‍റെ ദയനീയ തോല്‍‌വിയുടെ ഉത്തരവാദിത്തം മുഴുവന്‍ വി എസിന്‍റെ ചുമലില്‍ ചാര്‍ത്തിക്കൊടുക്കാനുള്ള തീവ്രശ്രമങ്ങള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയെ സംരക്ഷിച്ചുകൊണ്ട് കോടിയേരിയുടെ രംഗപ്രവേശം. ഇത് സി പി എമ്മില്‍ പുതിയ സമവാക്യങ്ങളുടെ രൂപീകരണത്തിനിടയാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

തന്നെ പ്രതിസ്ഥാനത്താക്കി മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെ ധനമന്ത്രി തോമസ് ഐസക് പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. വി എസിനെതിരെ നടപടി ആവശ്യം വരെ സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് വി എസിന് പിന്തുണയുമായി കോടിയേരി ബാലകൃഷ്ണന്‍ എത്തിയിരിക്കുന്നത്.