മുഖ്യമന്ത്രിക്ക് എന്തിനിത്ര സമയം? - ഉമ്മന്‍‌‌ചാ‍ണ്ടി

Webdunia
വ്യാഴം, 12 ഫെബ്രുവരി 2009 (16:21 IST)
അഴിമതിക്കെതിരെ പോരാടുമെന്ന്‌ പറഞ്ഞ്‌ അധികാരത്തിലേറിയ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കാന്‍ എന്തിനാണ് ഇത്രയധികം സമയമെടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍‌ചാണ്ടി ചോദിച്ചു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‌ സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കണം. ഒരു സമയക്രമം നിശ്ചയിക്കാന്‍ മാത്രമേ കോടതിക്ക് കഴിയൂ. ഇക്കാര്യത്തില്‍ എന്തിനാണ് സര്‍ക്കാര്‍ ഇത്രയധികം സമയമെടുക്കുന്നത്?. അഭിപ്രായം അറിയിക്കാനായി അഡ്വക്കറ്റ് ജനറല്‍ എടുത്ത മൂന്നാഴ്ച സമയം തന്നെ അധികമാണ്. വിഴിഞ്ഞം പദ്ധതിക്ക്‌ എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെട്ടു.

എസ്‌ എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുന്‍ വൈദ്യുതമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനടക്കമുള്ള മൂന്ന്‌ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമോയെന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.

ഇക്കാര്യത്തില്‍ മൂന്ന്‌ മാസത്തിനകം അന്തിമ തീരുമാനം കൈക്കൊള്ളണമെന്നും ആക്‌ടിംഗ്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ ബി കോശി, ജസ്റ്റിസ്‌ പി ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.