സോളാര്‍ തട്ടിപ്പുക്കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ മൊഴിയിലുറച്ച് ശ്രീധരന്‍ നായര്‍ . സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പില്‍ മൊഴി നല്കവേയാണ് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി അറിയിച്ചത്. സരിതയ്ക്കൊപ്പം സെക്രട്ടേറിയേറ്റില്‍ എത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. പദ്ധതിക്ക് മുഖ്യമന്ത്രി എല്ലാ സഹായവും വാഗ്‌ദാനം ചെയ്തിരുന്നെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. ജോപ്പന്റെ സഹായത്തോടെയാണ് മുഖ്യമന്ത്രിയെ കണ്ടിരുന്നതെന്നും ശ്രീധരന്‍ നായര്‍ മൊഴി നല്കി.
സരിതയ്ക്ക് മുന്‍പരിചയമുള്ള രീതിയിലാണ് സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ പെരുമാറിയത്. ലിഫ്റ്റില്‍ ഉള്ളവരും സരിതയെ വളരെ ബഹുമാനത്തോടെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ തന്നെയും സരിതയെയും ജോപ്പന്‍ സ്വീകരിച്ചു. മുഖ്യമന്ത്രി കസേരയില്‍ നിന്ന് എഴുന്നേറ്റു വന്നാണ് തങ്ങളെ സ്വീകരിച്ചത്. മുഖ്യമന്ത്രിയും സരിതയും മുന്‍ പരിചയക്കാരെന്ന രീതിയിലാണ് സംസാരിച്ചതെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു.
ഇങ്ങനെയുള്ള പദ്ധതികളില്‍ പണം മുടക്കാന്‍ നിങ്ങളെ പോലെയുള്ളവര്‍ മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹായവും മുഖ്യമന്ത്രി തനിക്ക് വാഗ്ദാനം നല്കി. മുഖ്യമന്ത്രിയും തങ്ങളും ഒരുമിച്ചാണ് ലിഫ്റ്റില്‍ പുറത്തെത്തിയത്.
സോളാര്‍പദ്ധതിയില്‍ 40 ലക്ഷം രൂപ നിക്ഷേപിക്കുന്നതിനു മുമ്പ് താന്‍ ഒരു വ്യവസ്ഥ വെച്ചിരുന്നു. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി നേരിട്ട് തനിക്ക് വാക്കാല്‍ നല്‍കണമെന്നായിരുന്നു ആവശ്യം. ഇതുപ്രകാരമാണ് തന്നെ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിച്ച് ഉറപ്പുവാങ്ങി നല്‍കിയതെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു.