സര്‍ക്കാരിന്റെ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍. പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയത് തനിക്കറിയില്ലെന്നും അത് പരിശോധിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് പുതിയ ആറ് പഞ്ച നക്ഷത്ര ബാറുകള്‍ക്ക് കൂടിയാണ് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത്. എന്നാല്‍ അതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുടെ ഈ നിലപാടിനെതിരെയാണ് സുധീരന്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ആറു ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം പ്രാവര്‍ത്തികമാക്കാനാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ബാറുകള്‍ അനുവദിച്ചുകൊണ്ടാണോ 'ഘട്ടം ഘട്ടമായി ' മദ്യ നിരോധനം നടപ്പാക്കുന്നതെന്നും പിണറായി പരിഗസിച്ചു.
കോഴ വാങ്ങാന്‍ ആണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മദ്യ നയം കൊണ്ടുവന്നത്. വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രമായി മാത്രമേ അതിനെ കാണാനാകു. മദ്യം എന്ന വിപത്തിനെ ചെറുത്തു നിര്‍ത്താനും ജനങ്ങളെ അതില്‍ നിന്നും മോചിപ്പിക്കാനുമുള്ള നിശ്ചയ ദാര്‍ഡ്യം ഇടതുപക്ഷത്തിന് മാത്രമേ ഉള്ളൂ എന്നും പിണറായി വ്യക്തമാക്കി.
മദ്യനയത്തിന്റെ ഭാഗമായി ഫോര്‍ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ച് പൂട്ടിയതിനുശേഷം സംസ്ഥാനത്ത് ആകെ 24 ഫൈവ് സ്റ്റാര്‍ ബാറുകളാണ് ഉണ്ടായിരുന്നത്. പുതുതായി ആറു ബാറുകള്‍ക്ക് കൂടി സര്‍ക്കാര്‍ ലൈസന്‍സ് അനിവദിച്ചതോടെ ഫൈവ് സ്റ്റാര്‍ ബാറുകളുടെ എണ്ണം 30 ആയി.