രണ്ടാം മാറാട് കൂട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ സിബിഐ അന്വേഷണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.
മാറാട് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുകയായിരുന്നു ആക്റ്റിങ് ചീഫ് ജസ്റ്റിസ് ജെ ബി കോശിയും ജസ്റ്റിസ് പി ഭവദാസനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച്.
കലാപത്തിനു പിന്നിലെ ഗൂഢാലോചന,ബാഹ്യശക്തികളുടെ ഇടപെടല്‍ എന്നിവ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മാറാട് തെക്കേത്തൊടി ശ്യാമളയടക്കം നാലു പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ്.
നേരത്തെ ഇക്കാര്യത്തില്‍ സിബിഐയുടെ അഭിപ്രായം ഹൈക്കോടതി ആരാഞ്ഞിരുന്നു. കലാപം നടന്ന് ആറു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ഭാഗികമായി കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്നായിരുന്നു സിബിഐ നല്‍കിയ മറുപടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാടും സ്വീകരിച്ചു.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് 140 പേരെ പ്രതിചേര്‍ത്ത് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ഇതില്‍ 62 പേര്‍ കുറ്റക്കാരെന്നു കണ്ടു പ്രത്യേക കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ട കാര്യമില്ലെന്നും സര്‍ക്കാരിന് ആവശ്യമെങ്കില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി പറഞ്ഞു.