മാര്‍ട്ടിനെതിരെ കേസെടുക്കണം: മുഖ്യമന്ത്രി

Webdunia
ശനി, 30 ഒക്‌ടോബര്‍ 2010 (21:17 IST)
PRO
ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനെതിരെ കേസെടുക്കാന്‍ എ ഡി ജി പി സിബി മാത്യുവിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ട്ടിന്‍ ഭൂട്ടാന്‍ സര്‍ക്കാരിന് അയച്ച കത്ത് തെളിവായി സ്വീകരിച്ച് ആവശ്യമായ നടപടി കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം.

മാര്‍ട്ടിന്‍ ലോട്ടറി നിയമം ലംഘിച്ചെന്നും അതിനാല്‍ മാര്‍ട്ടിനെതിരെ കേസെടുക്കണമെന്നുമാണ് വി എസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെതിരെ പുതിയ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സാന്‍റിയാഗോ മാര്‍ട്ടിനും മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനുമെതിരായ തെളിവുകള്‍ മുഖ്യമന്ത്രി നേരിട്ടാണ് ശേഖരിച്ചിരിക്കുന്നത്. സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കാതെ ലോട്ടറിയുടെ വരവുചെലവു കണക്കുകള്‍ കൈകാര്യം ചെയ്യുന്നത് മാര്‍ട്ടിന്‍ നേരിട്ടാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് 1998ലെ കേന്ദ്ര ലോട്ടറിനിയമത്തിന്‍റെ ലംഘനമാണ്.

ലോട്ടറിക്കേസില്‍ ശക്തമായി ഇടപെടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം കേരള രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.