മാണി തിരിച്ചുവരുമെന്ന് ഉമ്മന്‍‌ചാണ്ടി, സി ബി ഐ അന്വേഷിക്കണമെന്ന് ബിജു രമേശ്

ബുധന്‍, 13 ജനുവരി 2016 (18:27 IST)
കെ എം മാണി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍‌ചാണ്ടി.
 
രാജിവച്ച സാഹചര്യം ഇല്ലാതായാല്‍ മാണി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരും. മാണി തിരിച്ചുവരുമെന്നുതന്നെയാണ് നേരത്തെയും പറഞ്ഞത് - മുഖ്യമന്ത്രി വ്യക്തമാക്കി.
 
അതേസമയം, ബാര്‍ കോഴക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ബിജു രമേശ് ആവശ്യപ്പെട്ടു. 
 
തുടരന്വേഷണത്തില്‍ മാണിയെ കുറ്റക്കാരനായി കണ്ടെത്താന്‍ പ്രാപ്തിയുള്ള തെളിവില്ലെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. സാക്ഷിമൊഴികളും കോള്‍ റെക്കോര്‍ഡ് രേഖകളും വിജിലന്‍സ് പരിശോധിച്ചു. അതില്‍ മാണിയെ കുറ്റക്കാരനാക്കുന്ന ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നുമാണ് ഇപ്പോള്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 
 
മാണിക്കെതിരെ തെളിവുണ്ടെന്ന് നേരത്തേ കണ്ടെത്തിയ എസ് പി സുകേശന്‍ തന്നെയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിനും ഈ നടപടി കടുത്ത പ്രഹരമായി. 
 
സാക്ഷിയായ സാജു ഡൊമിനിക്ക് പറഞ്ഞത് പണം മാണിയുടെ വസതിയില്‍ എത്തിച്ചു എന്നാണ്. ബിജു രമേശിന്‍റെ ഡ്രൈവര്‍ അമ്പിളി പറഞ്ഞത് തിരുവനന്തപുരത്ത് വച്ച് മാണിയെ കണ്ടു എന്നാണ്. എന്നാല്‍ ഈ മൊഴികളും കോള്‍ റെക്കോര്‍ഡുകളും തമ്മില്‍ ചേരുന്നില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. 
 
കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തിപകരുന്ന വാര്‍ത്തയാണിതെന്ന് ആന്‍റണി രാജു പ്രതികരിച്ചു. എസ് പി സുകേശന്‍ തന്നെയാണ് അന്വേഷണ റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്. ഇത് കോടതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഈ അന്വേഷണം നടന്ന ഘട്ടത്തില്‍ മാണി മന്ത്രിക്കസേരയില്‍ ഇല്ലാത്തതിനാല്‍ അന്വേഷണത്തില്‍ അദ്ദേഹം ഇടപെട്ടതായി ആക്ഷേപം വരില്ല. കേരള കോണ്‍ഗ്രസ് ഈ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു - ആന്‍റണി രാജു പറഞ്ഞു. 
 
തലയില്‍ നിലാവുദിച്ച നേതാക്കന്‍‌മാര്‍ ഭരിക്കുമ്പോള്‍ ഇതും ഇതിലപ്പുറവും സംഭവിക്കുമെന്നും മാണിയും ഉമ്മന്‍ചാണ്ടി ഭരണകൂടവും നടത്തിയ ഗൂഢാലോചനയാണിതെന്നും സത്യം എന്നായാലും പുറത്തുവരുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക