മാണിയുടെ ലക്‍ഷ്യം മകന് കേന്ദ്രമന്ത്രിപദം?

ചൊവ്വ, 22 ഫെബ്രുവരി 2011 (18:02 IST)
PRO
തൊടുപുഴയില്‍ കെ എം മാണി ഉന്നംവച്ചെറിഞ്ഞ ബോംബ് ലക്‍ഷ്യസ്ഥാനത്തുതന്നെ പൊട്ടിത്തകര്‍ന്നു. ആ സ്ഫോടനത്തില്‍ യു ഡി എഫ് ഒന്നാകെ കുലുങ്ങുകയാണ്. ഒന്നുകില്‍ ഉപമുഖ്യമന്ത്രി പദം തനിക്ക് നല്‍കുക, അല്ലെങ്കില്‍ മകന്‍ ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം നല്‍കുക - കെ എം മാണിയുടെ ‘തൊടുപുഴ ആക്രമണ’ത്തിന് പിന്നില്‍ ഇതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കെ എം മാണി കേരളരാഷ്ട്രീയത്തില്‍ പിച്ചവച്ചു നടക്കുന്ന കുട്ടിയൊന്നുമല്ല. എന്ത് എവിടെ പറയണമെന്നും ഏത് ആയുധം എങ്ങനെ പ്രയോഗിക്കണമെന്നും വ്യക്തമായി നിശ്ചയമുള്ള രാഷ്ട്രീയ ആചാര്യനാണ്. ‘തൊടുപുഴയില്‍ പി ജെ ജോസഫ് മത്സരിക്കും’ എന്ന് നാവുപിഴ വരാന്‍ മാത്രം ബുദ്ധിശൂന്യത ഏവരുടെയും മാണിസാറിനില്ലെന്നര്‍ത്ഥം. അതായത്, കലാപത്തിന് താന്‍ ഒരുങ്ങിക്കഴിഞ്ഞു എന്ന് യു ഡി എഫ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ് മാണിയുടെ ഈ പ്രഖ്യാപനം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11 സീറ്റാണ് മാണി വിഭാഗത്തിന് യു ഡി എഫ് അനുവദിച്ചത്. അതില്‍ ഏഴുപേര്‍ വിജയം കണ്ടു. പി ജെ ജോസഫ് ഒപ്പം ചേന്നപ്പോള്‍ മൂന്ന് എം എല്‍ എമാരെ കിട്ടി. പി സി ജോര്‍ജിനെയും കൂട്ടി ഇപ്പോള്‍ മാണി വിഭാഗത്തിന് 11 എം എല്‍ എമാരാണ് ഉള്ളത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ തങ്ങള്‍ക്ക് തരണം എന്നാണ് മാണിയുടെ ആവശ്യം.

നിലവില്‍ രണ്ടാം സ്ഥാനക്കാരായ മുസ്ലിം ലീഗ് 2006ല്‍ 23 സീറ്റുകളിലാണ് മത്സരിച്ചത്. വിവാദക്കൊടുങ്കാറ്റുകളില്‍ പെട്ട് ലീഗ് ആടിയുലയുകയാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ ആഞ്ഞടിച്ചാല്‍ മുന്നണിയിലെ രണ്ടാം സ്ഥാനം പിടിച്ചെടുക്കാമെന്ന് മാണി കണക്കുകൂട്ടുന്നു. മാത്രമല്ല, യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രിസ്ഥാനവും മാണി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

എന്നാല്‍ 23 സീറ്റ് വേണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാനിടയില്ല. പരമാവധി 15 സീറ്റ് വരെ നല്‍കാന്‍ അവര്‍ തയ്യാറായേക്കും. ഇത് കെ എം മാണിക്കും അറിയാം. അതുകൊണ്ടുതന്നെ, തന്‍റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും തല്‍ക്കാലം കുഴപ്പമില്ല, പകരം ജോസ് കെ മാണിയെ കേന്ദ്രമന്ത്രിസഭയിലെടുക്കണമെന്ന് മാണി ആവശ്യപ്പെട്ടേക്കും.

മകനെ കേന്ദ്രമന്ത്രിയാക്കാന്‍ വേണ്ടിയാണ് മാണി ഈ കളിയെല്ലാം കളിക്കുന്നതെന്നാണ് മാണിയോട് മുമ്പ് ചേര്‍ന്ന് നിന്നിട്ടുള്ള പി സി തോമസ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ആരോപിക്കുന്നത്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ മാണിയുടെ മനസിലിരുപ്പ് മറനീക്കി പുറത്തുവരുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക